കൊല്‍ക്കത്ത: ബംഗാളിലെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമിയെ കൊക്കെയ്നുമായി പോലീസ് പിടികൂടി. ഇവരുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് 100 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സുഹൃത്തായ പ്രബിര്‍ കുമാറിനൊപ്പം ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നതിനായി പമീല കാറില്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. എട്ടുവാഹനങ്ങളിലായെത്തിയ പോലീസ് പമീലയുടെ കാര്‍ വളയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പമീല ഏതെങ്കിലും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
പോലീസ് സംസ്ഥാന സര്‍ക്കാരിന് കീഴിലുളളതാണെന്നും അതിനാല്‍ എന്തും സംഭവ്യമാണെന്നുമായിരുന്നു ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യയുടെ പ്രതികരണം. പോലീസ് കണ്ടെടുത്ത പാക്കറ്റുകള്‍ പമീലയുടെ വാഹനത്തിലോ, ബാഗിലോ നിക്ഷേപിച്ചതാണോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു.
സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ചന്ദ്രിമ ഭട്ടാചാര്യ രംഗത്തെത്തി. പാര്‍ട്ടിയിലെ സ്ത്രീകള്‍ പോലും ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു എന്നുളളത് നാണക്കേടാണ് എന്നായിരുന്നു അവരുടെ പ്രതികരണം. ‘നേരത്തേ കുറേ ബിജെപി നേതാക്കള്‍ക്ക് കുട്ടിക്കടത്തില്‍ പങ്കുളളതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ മയക്കുമരുന്ന് കടത്ത്. എല്ലായ്പ്പോഴും ഇത് ഗൂഢാലോചനയാണെന്ന് ആരോപിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. അവരുടെ വനിതാ നേതാക്കള്ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിരിക്കുകയാണെന്നുളളത് നാണക്കേടാണ്.’