തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക അടച്ചിട്ടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈസ്റ്റര്‍ കുര്‍ബാന ചൊല്ലിയത്.
ചരിത്രത്തിലാദ്യമായാണ് വത്തിക്കാന്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത്. ഭയത്തിന് വഴങ്ങരുതെന്നും മരണത്തിന്റ നാളുകളില്‍ പ്രത്യാശയുടെയും ജീവിതത്തിന്റെയും സന്ദേശ വാഹകരാകണമെന്നും മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഈ ദിനങ്ങളില്‍ ദരിദ്രരെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ വിവിധ ദേവാലയങ്ങളിലും വിശ്വാസികളില്ലാതെയാണ് ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ചത്. ഈസ്റ്റര്‍ രാത്രികളില്‍
സാധാരണ ദേവാലയങ്ങള്‍ വിശ്വാസികളെകൊണ്ട് തിങ്ങിനിറയുമ്പോള്‍ വൈദികരും ശുശ്രൂഷകരും ഉള്‍പ്പെടെ അഞ്ച് പേര് ചേര്‍ന്നാണ് ഇത്തവണ ഈസ്റ്റര്‍ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയത്.
മിക്ക ദേവാലയങ്ങളിലും വിശ്വാസികള്‍ക്ക് ലൈവ് സ്ട്രീമിങ്ങിലൂടെ തിരുക്കര്‍മ്മങ്ങള്‍ കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. അയല്‍വാസികളെ കൂടി ചേര്ത്തുപിടിച്ചുകൊണ്ടാകണം ഇത്തവണത്തെ ഈസ്റ്റര്‍ ആഘോഷങ്ങളെന്നും ഇത്തവണത്തെ ഈസ്റ്റര്‍ ദിവ്യബലി എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്നും വിവിധ സഭാ അധ്യക്ഷന്മാര് ഈസ്റ്റര്‍ ദിന സന്ദേശത്തിനിടെ വ്യക്തമാക്കി.
ക്രൂശിക്കപ്പെട്ട് മരിച്ച് മൂന്നാം ദിവസം ക്രിസ്തു ഉയര്ത്തെഴുന്നേറ്റതിനെ അനുസ്മരിപ്പിക്കുന്ന ദിവസമാണ് ഈസ്റ്റര്‍. കൊറോണ വ്യാപനത്തിന്റെ നാളുകളിലെത്തിയ ഈസ്റ്റര്‍ പ്രതീക്ഷയുടെ കൂടി സന്ദേശമാവുകയാണ്.