
ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് 420 പരാതികള്‍ ലഭിച്ചെന്നും ഇരുപത് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചെന്നും വാട്സപ്പ്. 31 ദിവസത്തില്‍ നിരോധിച്ചത് 20,70,000 അക്കൗണ്ടുകള്‍. ഓഗസ്റ്റിൽ അക്കൗണ്ട് സപ്പോർട്ട് (105), നിരോധന അപ്പീൽ (222), മറ്റ് പിന്തുണ (34), പ്രോഡക്ട് സപ്പോർട്ട് (42), സുരക്ഷ (17) എന്നിവയിലുടനീളം 420 ഉപയോക്തൃ റിപ്പോർട്ടുകൾ ലഭിച്ചതായാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. 41 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തു. 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രസ്താവിച്ചിരുന്നു.
വാട്സാപ് പ്ലാറ്റ്ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷം അക്കൗണ്ടുകളാണ്. ജൂൺ 16 നും ജൂലൈ 31 നും ഇടയിൽ 30 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകളും വാട്സാപ് നിരോധിച്ചിരുന്നു. ഈ സമയത്ത് 594 പരാതികളും ലഭിച്ചു. രാജ്യത്ത് മേയ് 26 മുതലാണ് പുതിയ ഐടി നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്.