സ്മാർട്ട്ഫോണിൽ ഏറ്റവും കൂടുതൽ ജനപ്രിയമായ ആപ്ലിക്കേഷനാണ് വാട്സാപ്പ്. സന്ദേശങ്ങളയക്കാനും, ഫോട്ടോ, വീഡിയോ, ഓഡിയോ പോലുള്ള ഫയലുകളയക്കാനും, വീഡിയോ കോൾ വിളിക്കാനും, ഗ്രൂപ്പിലൂടെ ഒരുപാട് പേരോട് ഒരേ സമയം സംവദിക്കാനുമെല്ലാമുള്ള സംവിധാനം വാട്സാപ്പിലുണ്ട്. മറ്റുള്ളവരുമായി ഫോട്ടോസും വീഡിയോസുമെല്ലാം വളരെ ലളിതമായി വാട്സാപ്പിലൂടെ കൈമാറാനാകും. ജോലി സംബന്ധമായതും പഠനസംബന്ധമായതുമായ ഫയലുകളും വാട്സാപ്പിലൂടെയാണ് കൈമാറുന്നത്. എന്നാൽ വാട്സാപ്പിലെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്ന് എന്തെന്നാൽ 100 എംബിയ്ക്ക് മുകളിലുള്ള ഫയലുകളൊന്നും ഇതിലൂടെ കൈമാറാനാകില്ല എന്നതാണ്. വലിയ ഫയലുകൾ കൈമാറാൻ പലരും ഉപയോഗിക്കുന്നത് ടെലിഗ്രാമിനെയാണ്. ദൈർഘ്യമേറിയ വീഡിയോകൾ വാട്സാപ്പിലൂടെ അയക്കാൻ സാധിക്കാതെ വരുന്നത് പലപ്പോഴും പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ അതിനൊരു പരിഹാരവുമായി വരാൻ ഒരുങ്ങുകയാണ് വാട്സാപ്പ്.
ഇതു വരെ ഉണ്ടായിരുന്ന 100 എംബി എന്ന ലിമിറ്റ് ഉയർത്തി രണ്ടു ജിബി ആക്കാനാണ് വാട്സാപ്പ് തീരുമാനിക്കുന്നത്. അതായത് ഈ ഫീച്ചർ നിലവിൽ വന്നാൽ ഉപയോക്താവിന് രണ്ട് ജിബി വരെ സൈസുള്ള വീഡിയോ, പിഡിഎഫ് തുടങ്ങിയവ കൈമാറാനാകും. അതിനായി മറ്റൊരു ആപ്ലിക്കേഷനെ ആശ്രയിക്കേണ്ടി വരില്ല. വാട്സാപ്പിന്റെ പുതിയ ഫീച്ചറുകളെ പറ്റിയുള്ള വാർത്തകൾ പുറത്തു വിടുന്ന വാബീറ്റ ഇൻഫോയാണ് ഈ ഫീച്ചറിനെ പറ്റിയുള്ള സൂചനയും പുറത്തു വിടുന്നത്. നിലവിൽ ഈ ഫീച്ചർ പരീക്ഷണ അടിസ്ഥാനത്തിൽ അർജന്റീനയിലുള്ള വാട്സാപ്പിന്റെ ബീറ്റ പതിപ്പ് ഉപയോക്താക്കൾക്കു മാത്രമേ ലഭ്യമായിട്ടുള്ളു. എന്നിരുന്നാലും ഈ ഫീച്ചർ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ വാട്സാപ്പ് പദ്ധതിയിടുന്നുണ്ടോ ഇല്ലെയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പരിശോധനയ്ക്കു ശേഷം മുൻ പരിധി (100 എംബി) തന്നെ പുനസ്ഥാപിച്ചുകൊണ്ട് ഈ മാറ്റങ്ങൾ പിൻവലിക്കാനും സാദ്ധ്യതയുണ്ട്.