ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ഗുണ്ടായിസം കൊണ്ട് എന്ത് സന്ദേശമാണ് രാജ്യത്തെ യുവാക്കൾക്ക് നൽകുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഇന്നലെ തന്റെ ഔദ്യോഗിക വസതിയിൽ ബിജെപി നടത്തിയ ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേജ്രിവാൾ എന്ന വ്യക്തിക്ക് പ്രാധാന്യമില്ല. രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും ഞാൻ തയ്യാറാണ്. രാജ്യമാണ് പ്രാധാനം, നമ്മൾ ഒരുമിച്ച് നിന്ന് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. നമ്മൾ ഇതിനകം തന്നെ 75 വർഷം പാഴാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദി കാശ്മീർ ഫയൽസ് എന്ന സിനിമയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ബിജെപി പ്രവർത്തകർ യുവമോർച്ചാ നേതാവ് തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ഇന്നലെ കേജ്രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും വീട് ആക്രമിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ വീടിന്റെ ഗേറ്റും സുരക്ഷാ വേലികളും സിസിടിവി ക്യാമറകളും നശിപ്പിച്ചു. സംഭവത്തിൽ എട്ടു പേരെ ഡൽഹി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.
പഞ്ചാബ് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ കേജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലത്തെ സംഭവമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. അതേസമയം, ഇന്നലെ നടന്ന ആക്രമണത്തിനെതിരെ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ സൗരഭ് ഭരദ്വാജ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആക്രമണത്തെയും അതിന്റെ കുറ്റവാളികളെയും സംബന്ധിച്ച് സ്വതന്ത്രവും നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഹർജി.