Home Top News വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പണിറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കും:മക്കള്‍ക്കു നീതി ലഭിക്കുന്നതിനാണ് നിയമസഭ തിരഞ്ഞെടുപ്പില്‍...

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പണിറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കും:മക്കള്‍ക്കു നീതി ലഭിക്കുന്നതിനാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ അമ്മ

 

തൃശൂര്‍: വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിക്കും. സ്വതന്ത്രസ്ഥാനാര്‍ഥി ആയി ആണു മത്സരിക്കുക. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവര്‍ വ്യക്തമാക്കി.തൃശൂര്‍ പ്രസ്‌ക്ലബിലായിരുന്നു പ്രഖ്യാപനം.തന്റെ കുഞ്ഞുങ്ങള്‍ക്കു മരണശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

2017ലാണു 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.എന്റെ മക്കള്‍ക്കു നീതി ലഭിക്കുന്നതിനാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. എന്നെ ഈ തെരുവിലിറക്കിയ ഡിവൈഎസ്പി സോജന്‍ എന്നേക്കാളും താഴേത്തട്ടില്‍ ഒരു ദിവസമെങ്കിലും തലയില്‍ തൊപ്പിയില്ലാതെ നില്‍ക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാര്‍ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്.

എനിക്ക് വാശിയോടുകൂടി മല്‍സരിക്കണമെന്ന് തോന്നിയതിനു പിന്നിലെ ഒറ്റക്കാാരണം ഇതാണ്. ഞങ്ങള്‍ക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാന്‍ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് നീക്കമെന്നും അവര്‍ വ്യക്തമാക്കി.
സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച് പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്രെ നിലപാടില്‍ പ്രതിഷേധിച്ച് ഇവര്‍ തലമുണ്ഡനം ചെയ്തിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പാലക്കാട്ടെ സമരപ്പന്തലില്‍ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്.14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here