Home KERALA വി.എസിന് ഇന്ന് 98-ാം പിറന്നാള്‍

വി.എസിന് ഇന്ന് 98-ാം പിറന്നാള്‍

ജോസ്മി ജോസ്

സമരമാണ് ഓരോ വിപ്ലവനായകന്റെയും ജീവിതായുധം. 101 പിന്നിട്ട പ്രസ്ഥാനത്തിന്റെ തീവ്ര സമര നായകന് വി എസ് അച്യുതാനന്ദന്‍ ഇന്ന് 98 -ാം ജന്മദിനം. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ജനസമ്മിതിയുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ് അണികളുടെ പ്രിയ വി എസ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭ പ്രവര്‍ത്തകരില്‍ ഒരാളും കേരളത്തിലെ ഇടതു പക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ വാക്കും സ്വാതന്ത്ര്യ സമര പോരാളിയുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന എന്ന വി എസ് 1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ അമ്മ അക്കമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛന്‍ ശങ്കരനും മരിച്ചതിനെ തുടര്‍ന്ന് പിതൃ സഹോദരി വളര്‍ത്തിയെടുത്ത ജീവിതം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 7 ാം ക്ലാസ്സില്‍ പഠനം അവസാനിച്ചു. പിന്നീട് കുറേക്കാലം ജൗളിക്കടയില്‍ ജ്യേഷ്ഠനൊപ്പം ജോലി. തുടര്‍ന്നു കയര്‍ ഫാക്ടറിയില്‍ ജോലി. നിവര്‍ത്തനപ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി, 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.
കമ്മ്യൂണിസ്റ്റ് നേതാവായ പി.കൃഷ്ണപിള്ള, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താനായി അച്യുതാനന്ദനെ കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദന്‍ എന്ന സാധാരണക്കാരന്‍ വളര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കും തുടര്‍ന്ന് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികളിലേക്കും.പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവില്‍ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടര്‍ന്ന് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. പിന്നീട് നാലു വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായി.
1952-ല്‍ വി.എസ്.അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായ വി.എസ് 1956-ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവച്ച 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി. ഐ എം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴുനേതാക്കളില്‍ ഒരാളാണ് വി.എസ്.അച്യുതാനന്ദന്‍. 64 മുതലിങ്ങോട്ട് കേരളത്തില്‍ സിപിഐ എം വളരുന്നതിനായുള്ള അക്ഷീണ പ്രയത്‌നം. 10 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു,7 എണ്ണത്തില്‍ വിജയിച്ചു. 2006 ല്‍ കേരളത്തിന്റെ പതിനൊന്നാം മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദന്‍ ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുവാന്‍ അദ്ദേഹത്തിനു സാധിച്ചു.
സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷന്‍ മൂന്നാര്‍ ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളില്‍ അടിയുറച്ച് നിന്നു കൊണ്ടുള്ള ഭരണ നിര്‍വഹണം. വിവാദം സൃഷ്ടിച്ച സ്മാര്‍ട്ട് സിറ്റി കരാര്‍ പരിഷ്‌കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞ് പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.
അനാരോഗ്യമെന്ന സമരവുമായി തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വേലിയ്ക്കകത്തെ വീട്ടില്‍ 98-ാം വര്‍ഷത്തില്‍ ജീവിക്കുമ്പോള്‍ അദ്ദേഹം തൊടുത്തുവിട്ട നശിക്കാത്ത വിപ്ലവവീര്യവുമായി അദ്ദേഹം ജന മനസ്സുകളില്‍ ജീവിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here