Home Top News നൂറോളം വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട് പാഞ്ഞ് വാഹനങ്ങള്‍; റോഡില്‍ വന്‍ കൂട്ടയിടി, 5...

നൂറോളം വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട് പാഞ്ഞ് വാഹനങ്ങള്‍; റോഡില്‍ വന്‍ കൂട്ടയിടി, 5 മരണം

ഫാട്ട് വത്ത് (ടെക്സസ്): കനത്ത മഞ്ഞുകാറ്റിനെത്തുടര്‍ന്നു വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുഎസില്‍ അഞ്ചു മരണം. ടെക്‌സസ് നഗരമായ ഫോട്ട് വത്തിലെ ഹൈവേയിലാണ് 75 മുതല്‍ 100 വരെ വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത്. കനത്ത മഞ്ഞുകാറ്റിനെത്തുടര്‍ന്നുണ്ടായ മഴയും ആലിപ്പഴ വര്‍ഷവുമാണ് അപകടത്തിനു കാരണമായത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ആറോടെയായിരുന്നു അപകടത്തിന്റെ തുടക്കം. പരുക്കേറ്റവരുടെയും മരിച്ചവരുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നേയുള്ളൂ. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഫോട്ട് വത്ത് പൊലീസ് അറിയിച്ചു. ഏകദേശം 1.25 ലക്ഷം വീടുകളിലും കമ്പനികളിലും വെള്ളിയാഴ്ച വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു. കെന്റക്കിയില്‍ കനത്ത മഞ്ഞിനെത്തുടര്‍ന്നു ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം അവിടെ അടച്ചിട്ടിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ മുപ്പതോളം പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. ചിലരുടെ നില ഗുരുതരമാണ്. ഒട്ടേറെപ്പേര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നു. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെത്തിച്ചത്. സമീപത്തെ ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടുകയാണെന്ന് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ വ്യക്തമാക്കി.

കൂറ്റന്‍ ട്രക്കുകളും കാറുകളും എസ്യുവികളും ചെറുവാഹനങ്ങളുമെല്ലാം കൂട്ടിയിടിച്ചു കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ചില വാഹനങ്ങള്‍ മറ്റു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. റോഡിലെ ബാരിയറുകളിലേക്കും ഡിവൈഡറുകളിലേക്കും ചില വാഹനങ്ങള്‍ ഇടിച്ചു കയറി. നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മീറ്ററുകളോളം പായുന്ന വാഹനങ്ങളില്‍നിന്ന് സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നു. കനത്ത മഞ്ഞില്‍ റോഡുകളില്‍ വാഹനങ്ങള്‍ തെന്നിനീങ്ങുകയായിരുന്നു.
രാവിലെ മുതല്‍ മഞ്ഞിനോടൊപ്പം പ്രദേശത്ത് കനത്ത മഴയുമുണ്ടായിരുന്നു. അഗ്‌നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. പ്രദേശത്തുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണ് ഇതെന്നും പ്രദേശവാസികള്‍ പറയുന്നു. ടെക്‌സസിലെ മറ്റൊരു നഗരമായ ഓസ്റ്റിനിലും മഞ്ഞു വീണ് തെന്നിക്കിടന്നിരുന്ന റോഡില്‍ രണ്ടു ഡസനോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാള്‍ക്കു പരുക്കുപറ്റി. യുഎസിന്റെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കെന്റക്കിയിലും വെസ്റ്റ് വിര്‍ജീനിയയിലും ഉള്‍പ്പെടെ പലയിടത്തും വൈദ്യുതബന്ധം തടസ്സപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here