തിരുവനന്തപുരം: കൊവിഡ് വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ ലിസ്റ്റ് ഇന്ന് ഉച്ചകഴിഞ്ഞു പുറത്തു വിടുമെന്ന് മന്ത്രി വി ശിവൻകുട്ടി. അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കാണ് പുറത്തു വരിക.
രാജ്യത്ത് ഒമിക്രോൺ സ്ഥീരികരിച്ച സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വരുന്ന പക്ഷം വിദ്യാഭ്യാസ വകുപ്പ് മറ്റ് നടപടികളിലേക്ക് കടക്കും. വാക്സിനെടുക്കാത്ത അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വാക്സിനെടുക്കാൻ കഴിയാത്തവർ ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നടത്തി അത് ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അതിന്റെ തെളിവ് ഹാജരാക്കണമെന്നും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ടതെല്ലാം ആരോഗ്യവകുപ്പുമായി ചേർന്ന് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വാക്സിനെടുക്കാത്ത അദ്ധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്ന അദ്ധ്യാപകരെ പരിശോധിച്ച് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കാനും സർക്കാർ നിർദേശമുണ്ട്.