തിരുവനന്തപുരം: രണ്ടുലക്ഷം രൂപാവരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർദ്ധന വരുമ്പോൾ പരമാവധി 2000 രൂപയുടെ വരെ വർദ്ധനവുണ്ടാകും. ഒരുലക്ഷത്തിന് താഴെ വിലയുള്ളവയ്ക്ക് 10 ശതമാനവും അതിനുമുകളിൽ രണ്ടുലക്ഷം രൂപാ വരെയുള്ളവയ്ക്ക് 12 ശതമാനവുമാണ് നിലവിലെ നികുതി. 15 വർഷത്തേയ്ക്കാണ് റോഡ് നികുതി ഈടാക്കുന്നത്. ഒരു ലക്ഷം രൂപ വിലയുള്ള ബൈക്കിന് ഇപ്പോൾ 10,000 രൂപ നികുതി നൽകണം. ഇതിൽ 1000 രൂപയുടെ വർദ്ധനവുണ്ടാകും. രണ്ടുലക്ഷം രൂപാ വിലയുള്ള ഇരുചക്രവാഹനങ്ങൾക്ക് 24,000 രൂപ നികുതി നൽകിയിരുന്നത് 26,000 ആയി ഉയരും. നികുതി വർദ്ധനവിലൂടെ 60 കോടി രൂപയുടെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഹരിതനികുതി:
200 രൂപാവരെ കൂടും15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള വാഹനങ്ങൾക്ക് അഞ്ചുവർഷത്തേയ്ക്ക് 400 രൂപയാണ് ഹരിത നികുതി. 50 ശതമാനം കൂട്ടിയതോടെ 200 രൂപയുടെ വർദ്ധനയുണ്ടാകും. ഇരുചക്രവാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്