Home Articles രാഷ്ട്രത്തലവന്‍മാര്‍ക്കും തലകുനിക്കാതെ, മുട്ടുമടങ്ങാതെ ട്വിറ്റര്‍. ട്വിറ്ററിന്റെ നിലപാട് അമേരിക്ക മുതല്‍ ഇന്ത്യ വരെ ഒന്ന് പോലെ....

രാഷ്ട്രത്തലവന്‍മാര്‍ക്കും തലകുനിക്കാതെ, മുട്ടുമടങ്ങാതെ ട്വിറ്റര്‍. ട്വിറ്ററിന്റെ നിലപാട് അമേരിക്ക മുതല്‍ ഇന്ത്യ വരെ ഒന്ന് പോലെ. ട്വിറ്റര്‍ സസ്‌പെന്‍ഷന്‍ ക്യാമ്പയിന്‍ 2014 മുതല്‍

ട്വിറ്ററും സസ്‌പെന്‍ഷനുകളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അമേരിക്ക മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളില്‍ നിന്ന് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതോ പോളിസിയ്ക്ക് എതിരായുള്ള ട്വീറ്റ് നീക്കം ചെയ്യുന്നതോ ആയ വാര്‍ത്തകള്‍ ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോള്‍ ഒരു വശത്ത് ട്വിറ്ററിനോട് തുറന്ന പോര് തന്നെ പ്രഖ്യാപിക്കുകയാണ് ചില രാഷ്ട്രത്തലവന്‍മാര്‍.

ഏറ്റവും ഒടുവിലായി അന്താരാഷ്ട്രരംഗത്തെ വാര്‍ത്തകളില്‍ ട്വിറ്റര്‍ നിറയുന്നത് നൈജീരിയയില്‍ ആണ്. പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തതിന് രാജ്യം ട്വിറ്ററിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എതിര്‍ശബ്ദങ്ങള്‍ക്ക് നേരെ ത്ാക്കീതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി ചെയ്ത ട്വീറ്റ് കമ്പനി നീക്കം ചെയ്തതാണ് പ്രസിഡന്റിനെയും ഭരണകൂടത്തെയും പ്രകോപിപ്പിച്ചത്. അമേരിക്കയില്‍ ആകട്ടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി ബ്ലോക്ക് ചെയ്താണ് ട്വിറ്റര്‍ വാര്‍ത്തയാകുന്നത്.

ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരുമായുള്ള പോര് പരസ്യമായി തന്നെ ട്വിറ്റര്‍ തുടരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നയത്തില്‍ ഇതു വരെ സമ്മതം അറിയിച്ചിട്ടില്ല ട്വിറ്റര്‍. ഇന്ന് രാവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂടിക്ക് ഒഴിവാക്കി ട്വിറ്റര്‍ ആദ്യം വാര്‍ത്ത സൃഷ്ടിച്ചു. അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതിന് വേണ്ടി ട്വിറ്റര്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് ബ്ലൂ ടിക്ക്. ആറ് മാസമായി അക്കൗണ്ട് ഉപയോഗിക്കാത്തത് കൊണ്ടാണ് ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞതെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. സമാനമായി ആര്‍എസ്എസ് നേതാക്കളുടെ ട്വിറ്റര്‍ പേജുകളിലെ ബ്ലൂ ടിക്കും ട്വിറ്റര്‍ മാറ്റി. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ ട്വിറ്റര്‍ പേജും ഇതില്‍ ഉള്‍പ്പെടുന്നു. കര്‍ഷകസമരത്തില്‍ കലാപ ആഹ്വാനവുമായി ബന്ധപ്പെട്ട് നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ അന്ന് കമ്പനി ബ്ലോക്ക് ചെയ്തിരുന്നു. ബംഗാളില്‍ തെരഞ്ഞെടുപ്പ് കലാപം ഉണ്ടായപ്പോള്‍ ഗുജറാത്ത് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട ബോളിവുഡ് താരം കങ്കണയുടെ ട്വിറ്ററും കമ്പനി നീക്കം ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ട്വിറ്റര്‍ സസ്‌പെന്‍ഷന്‍ ക്യാമ്പയിന് ഏഴ് വര്‍ഷത്തെ പഴക്കമുണ്ട്. 2014നും 2016നും ഇടയില്‍ ഐഎസ്സുമായി ബന്ധമുള്ള നിരവധി അക്കൗണ്ടുകളാണ് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. 2015ലെ ഏപ്രില്‍ അഞ്ചാം തിയതി പതിനായിരത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. 2016ല്‍ വിശദീകരണമില്ലാതെ റഷ്യയില്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതും വാര്‍ത്തയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ യൂറോപ്യന്‍ യൂണിയനുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സമൂഹമാധ്യമത്തിലോ ഇന്റര്‍നെറ്റിലോ പരക്കാതെ ശ്രദ്ധിക്കാം എന്നതിന്റെ കരാര്‍ ആയിരുന്നു അത്. ഓഗസ്റ്റ് 2016 വരെ മൂന്നരലക്ഷത്തിന്‍മേല്‍ അക്കൗണ്ടുകളാണ് ട്വിറ്റര്‍ നിരോധിച്ചത്. 2018 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ രണ്ട് ലക്ഷത്തോളം അക്കൗണ്ടുകള്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. രാജ്യതലവന്‍മാരുടെയും ബിസിനസ്സ്‌കാരുടെയും വന്‍കിട കമ്പനികളുടെയും അടക്കം ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് നിലപാടിന് വിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്വിറ്റര്‍ പലപ്പോഴായി സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here