Home KERALA കാവിയില്‍ വീഴാതെ, കൈപ്പത്തിയെയും അട്ടിമറിച്ച് തലസ്ഥാനം

കാവിയില്‍ വീഴാതെ, കൈപ്പത്തിയെയും അട്ടിമറിച്ച് തലസ്ഥാനം

തിരുവനന്തപുരം: കോവളം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ മുന്നിലെത്തിച്ച് തലസ്ഥാനനഗരി. ജില്ലയിലെ എന്നല്ല സംസ്ഥാനത്തെ തന്നെ സ്റ്റാര്‍ മണ്ഡലമായി കണക്കാക്കിയ നേമം നിയോജക മണ്ഡലത്തില്‍ ആവേശകരമായ മത്സരമാണ് നടന്നത്. യുഡിഎഫിന് കടുത്ത നിരാശ സമ്മാനിച്ച് തുറുപ്പുചീട്ടായി അവസാനലാപ്പില്‍ അവര്‍ മത്സരത്തിനിറക്കിയ കെ.മുരളീധരനെ മണ്ഡലം മൂന്നാമതെത്തിച്ചു. മത്സരം ബിജെപിയുടെ കുമ്മനം രാജശേഖരനും എല്‍ഡിഎഫിലെ വി.ശിവന്‍കുട്ടിയും തമ്മിലായി. ഒ.രാജഗോപാലിലൂടെ താമര 2016ല്‍ സ്വന്തമാക്കിയ ആദ്യ-ഏക സീറ്റ് കുമ്മനം എളുപ്പത്തില്‍ നിലനിര്‍ത്തുമെന്ന് തോന്നിച്ചു. എന്നാല്‍ മധുരപ്രതികാരമെന്നോണം വി.ശിവന്‍കുട്ടി പകുതി കഴിഞ്ഞപ്പോള്‍ ഓടി മുന്നിലെത്തി.
ബിജെപി സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മറ്റൊരു മണ്ഡലം കഴക്കൂട്ടമാണ്. ചോദിച്ചു വാങ്ങിയ സീറ്റില്‍ ഒരു ഘട്ടത്തില്‍ പോലും മുന്നില്‍ എത്താന്‍ ബിജെപിയുടെ ശോഭാ സുരേന്ദ്രന് ഇവിടെ കഴിഞ്ഞില്ല. നിലവിലെ മന്ത്രി എല്‍ഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രന് അനായാസ വിജയം, വെല്ലുവിളികള്‍ ഏതുമില്ലാതെ സ്വന്തമാക്കാന്‍ ഇവിടെ കഴിഞ്ഞു. മികച്ച മത്സരാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ അവതരിപ്പിച്ചിരുന്നത്- ഡോ. എസ്.എസ്.ലാലിനെ. എന്നാല്‍ അദ്ദേഹത്തിന് ഒരു ഘട്ടത്തിലും കടകംപള്ളിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
പ്രതീക്ഷിച്ച വിജയമായിരുന്നു വട്ടിയൂര്‍ക്കാവിലേത്. 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെ മേയറില്‍ നിന്ന് എംഎല്‍എ ആയ മണ്ഡലത്തിന്റെ ബ്രോ ഈസിയായി സീറ്റ് നിലനിര്‍ത്തി. എല്‍ഡിഎഫിന്റെ വി.കെ. പ്രശാന്ത് മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയാണ് ബിജെപിയുടെ വി.വി.രാജേഷിനെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ വീണ എസ്.നായര്‍ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ആറ്റിങ്ങല്‍ മണ്ഡലം എല്‍ഡിഎഫ് കോട്ടയായി തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞു ഒ.എസ്.അംബികയ്ക്ക്. 2016 ല്‍ ബി.സത്യന്‍ നേടിയ മണ്ഡലം 69898 വോട്ടുകള്‍ നേടിയാണ് അംബിക നിലനിര്‍ത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിക്കുന്നത് മണ്ഡലം കണ്ടു. ബിജെപിയുടെ പി. സുധീറിനെയാണ് അംബിക തോല്‍പിച്ചത്. യുഡിഎഫിന്റെ എ.ശ്രീധരന്‍ ( ആര്‍എസ്പി) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അപ്രതീക്ഷിതമായി തിരുവനന്തപുരത്തെ എല്‍ഡിഎഫ് വിജയം. അട്ടിമറി വിജയം എന്ന് തന്നെ വിശേഷിക്കാം ആന്റണി രാജുവിന്റെ വിജയത്തെ. കോണ്‍ഗ്രസിന്റെ വിഎസ് ശിവകുമാറില്‍ നിന്ന് എല്‍ഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുക്കാന്‍ ആന്റണി രാജുവിന് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായി കടുത്ത മത്സരം കാഴ്ച വയ്ക്കുമെന്ന് കരുതിയ ജി.കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വവും ചലനം ഉണ്ടാക്കിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here