കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ കൊച്ചിയില്‍ എത്തി. 3.50ഓടെ ഗ്രാന്‍ഡ് ഹയാത്ത് ഹെലിപാഡിലിറങ്ങിയ ഹെലികോപ്ടറില്‍ നിന്ന് റോഡ് മാര്‍ഗം ഹൃദയം ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ വാടയ്ക്ക് എടുത്തതിനെ തുടര്‍ന്ന് വിവാദമായ ഹെലികോപ്ടറാണ് എയര്‍ ആംബുലന്‍സായി ഉപയോഗിച്ചത്. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്.സംസ്ഥാനത്ത് സര്‍ക്കാര്‍ ഹെലികോപ്ടര്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ആദ്യമായാണ്. മാര്‍ച്ചില്‍ പോലീസിനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും കൈമാറിയത് വലിയ വിവാദമായിരുന്നു. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെയായിരുന്നു പവന്‍ഹാന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ ഒന്നരക്കോടി രൂപ കൈമാറിയത്. ഇതേത്തുടര്‍ന്ന് ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത് അമിത ധൂര്‍ത്താണെന്ന് വിമര്‍ശമുയര്‍ന്നു.
അതേസമയം, പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിതയാണ് എന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സംസ്ഥാനത്തിന് ഹെലികോപ്ടറില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങുന്നതിനേക്കാള്‍ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് വാടകയ്ക്ക് എടുക്കുന്നതെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവയവദാനത്തിനായി ഹെലികോപ്ടര്‍ ഉപയോഗിച്ചിരിക്കുന്നത്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ച അധ്യാപിക ലാലി ഗോപകുമാറിന്റെ ഹൃദയമാണ് സര്‍ക്കാര്‍ അവയവദാന സംവിധാനം വഴി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിക്ക് നല്‍കുന്നത്. ലിസി ആശുപത്രിയിലെ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവയവദാനത്തിനായി ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.