Home KERALA ഇടുക്കിയില്‍ തൊടുപുഴ നഗരസഭാംഗവും നഴ്‌സും അടക്കം മൂന്നു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ബിജിമോള്‍...

ഇടുക്കിയില്‍ തൊടുപുഴ നഗരസഭാംഗവും നഴ്‌സും അടക്കം മൂന്നു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ബിജിമോള്‍ എംഎല്‍എയും നിരീക്ഷണത്തില്‍; ഇടുക്കിയില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി മണി

ഇടുക്കി: ജില്ലയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നു. ചൊവ്വാഴ്ച മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 17 ആയി.പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളും നിരീക്ഷണത്തിലാണ്. വണ്ടന്‍മേടില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി എം.എല്‍.എ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതാണ് നിരീക്ഷണത്തിലാക്കാന്‍ കാരണം.
നഗരസഭ കൗണ്‍സിലര്‍, ജില്ലാ ആശുപത്രിയിലെ നഴ്സ്, കര്‍ണാടകയില്‍ നിന്നെത്തിയ മരിയാപുരം സ്വദേശി സൊഫ്ട്വെയര്‍ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരിലാണ് കൂടുതലും വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 17 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ അതീവ ജാഗ്രത തുടരാന്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.
മൂന്ന് ദിവസത്തേക്ക് കൂടുതല്‍ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് അവലോകന യോഗത്തിന് ശേഷം ജില്ലാകളക്ടര്‍ വ്യക്തമാക്കി.
ഇന്നലെ വരെ സജീവമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നയാളാണ് ജനപ്രതിനിധി. പ്രകടമായ ലക്ഷണങ്ങളില്ലാത്ത ഇദ്ദേഹത്തിന് റാന്‍ഡം സാംപിള്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നഴ്സും ഇന്നലെ വരെ ജോലിയില്‍ സജീവമായിരുന്നു. ഇദ്ദേഹം കാഷ്വാലിറ്റിയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന നഴ്സാണ്. മരിയാപുരം സ്വദേശി കര്‍ണാടകയില്‍ നിന്നും കാര്‍മാര്‍ഗമാണ് നാട്ടിലെത്തിയത്. ഇവര്‍ മുന്നു പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി ജില്ലയെ ഇന്നലെ മുതല്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ പരിശോധന ഫലങ്ങള്‍ പുറത്തുവന്നതോടെ ജില്ലയില്‍ മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയാണ്. ജില്ലയിലെ എം.എല്‍.എമാരും എം.പിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.ജില്ലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ജില്ലയിലെ സ്ഥിതി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here