Home MM Special കല്യാണത്തിന് ഇപ്പോള്‍ നേരമില്ല; അതിലും മുഖ്യം നമ്മളില്‍ ഓരോരുത്തരുടെയും ജീവിതമാണ്; പോലീസിലെ വരനും വധുവും...

കല്യാണത്തിന് ഇപ്പോള്‍ നേരമില്ല; അതിലും മുഖ്യം നമ്മളില്‍ ഓരോരുത്തരുടെയും ജീവിതമാണ്; പോലീസിലെ വരനും വധുവും കോറോണ ഡ്യൂട്ടി തുടരുകയാണ്

അപര്‍ണ കെ എസ്

കല്യാണം കഴിച്ചാല്‍ അവധിയെടുക്കേണ്ടിവരും,ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോലിയില്‍നിന്ന് മാറിനില്‍ക്കുന്നത് ശരിയാവില്ല; ഈ തീരുമാനത്തിലൂടെ രാജ്യത്തിനാകമാനം മാതൃകയാകുകയാണ് ഹരിപ്പാട് പോലീസ്സഷനിലെ അരുണും രഞ്ജിയും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. എന്നാല്‍ ഇപ്പോള്‍ അതിലും മുഖ്യം നമ്മളില്‍ ഓരോരുത്തരുടെയും ജീവിതമാണ് ‘ അരുണും രഞ്ജിയും ഒരേ സ്വരത്തില്‍ പറയുന്നു.

രണ്ടു പേരും ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരാണ്. കൊറോണ വ്യാപിച്ചതോടെ വിവാഹം നീട്ടി വെച്ചുകൊണ്ട് മാതൃകയാവുകയാണ് കേരളാ പോലീസിലെ ഈ വരനും വധുവും. കുട്ടമ്പേരൂര്‍ ദേവി ക്ഷേത്രത്തില്‍ വെച്ചാണ് കല്യാണം നടത്താന്‍ ഇരുകുടുംബങ്ങളും തീരുമാനിച്ചിരുന്നത്. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് മാറിയപ്പോള്‍ കല്യാണം നീട്ടി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും പോലീസ് അസോസിയേഷന്‍ ഭാരവാഹികളും പ്രോട്ടോകോള്‍ പ്രകാരം ലളിതമായ രീതിയില്‍ കല്യാണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കല്യാണശേഷം ഡ്യൂട്ടിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുമെന്ന കാരണത്താല്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
പോലീസ് സേനയില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ ഓരോരുത്തരും ഒരു വലിയ ഉത്തരവാദിത്വം ആണ് ഇപ്പോള്‍ വഹിക്കുന്നത്.

ഇങ്ങനെ ഒരു സാഹചര്യത്തില്‍ കല്യാണവും അവധിയും ഒന്നും ചിന്തിക്കാന്‍ കൂടി കഴിയില്ല എന്ന് അരുണ്‍ പറയുന്നു. രഞ്ജിക്കും മറിച്ചു ഒരു അഭിപ്രായം ഇല്ല’
ഒരു വര്‍ഷമായി ഇവര്‍ ഒന്നിച്ചു ജോലി ചെയ്യുകയാണ്. വീട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയോടെ സൗഹൃദം വളര്‍ന്നു കല്യാണത്തിലെത്തി. കല്യാണം നീട്ടി വെക്കുന്നതില്‍ ഇരുവീട്ടുകാര്‍ക്കും സങ്കടമുണ്ടെങ്കിലും തങ്ങളുടെ മക്കള്‍ ചെയ്യുന്ന നന്മക്കായി അവര്‍ സന്തോഷത്തോടെ കൂടെ നില്‍ക്കുന്നു. തങ്ങളുടെ നാടിനും രാജ്യത്തിനും വേണ്ടി കൊറോണയുടെ വ്യാപനം തടയുന്നതില്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ് അരുണും രഞ്ജിയും.
കോവിഡ് ഭീതി ഒഴിഞ്ഞതിനു ശേഷം മാത്രമേ കല്യാണത്തെപ്പറ്റി ചിന്തിക്കു എന്നാണ് രണ്ടു പേരുടെയും തീരുമാനം. അമ്മ സുമയോടൊപ്പമാണ് അരുണിന്റെ താമസം. മാന്നാര്‍ സ്വദേശിയായ രഞ്ജി അമ്മ പദ്മകുമാരിയോടൊപ്പം താമസിക്കുന്നു.ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് ബിരുദാനന്തര ബിരുദദാരിയായ രഞ്ജി 4 വര്‍ഷമായി പോലീസ് സേനയില്‍ ഉണ്ട്.         ആദ്യ പോസ്റ്റിങ്ങ് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷമായി ഹരിപ്പാട് ജോലി ചെയുന്നു.

തൃക്കുന്നപ്പുഴ സ്വദേശിയായ അരുണ്‍ കുമാര്‍ കഴിഞ്ഞ 10 വര്‍ഷമായി സേനയില്‍ ഉണ്ട്. എടത്വ സെയിന്റ് അലോഷ്യസ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്ത അരുണ്‍ കരിയിലാകുളങ്ങര സ്റ്റേഷനില്‍ എ ആര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. ഹരിപ്പാട് സ്റ്റേഷനില്‍ കഴിഞ്ഞ 2 വര്‍ഷമായി ജോലി ചെയ്യുന്നു. കര്‍മത്തിലൂടെ ഒന്നിച്ചവര്‍ ജീവിതത്തിലും ഒന്നിക്കുമ്പോള്‍ അതൊരു നല്ല തുടക്കം ആണെന്നുള്ളതിന്റെ ഉദാഹരണമാണ് ഈ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here