Home Auto ടാറ്റ ഹാരിയറിന് ഇനി സൺറൂഫിന്റെ പകിട്ടും

ടാറ്റ ഹാരിയറിന് ഇനി സൺറൂഫിന്റെ പകിട്ടും

ടാറ്റ മോട്ടോഴ്സിന്റെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ഹാരിയറിന് ഇനി സൺറൂഫിന്റെ പകിട്ടും. എസ് യു വി ഉപയോക്താക്കൾക്ക് സൺ റൂഫിനോടുള്ള അമിത താൽപര്യം തിരിച്ചറിഞ്ഞാണ് ‘ഹാരിയറി’ലും ഈ സൗകര്യം ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സ് നടപടിയെടുത്തത്. വെബാസ്റ്റൊ നിർമിച്ച എച്ച് 300   വൈദ്യുത സൺറൂഫിന്  95,100 രൂപയാണു വില. ഇതു ഘടിപ്പിക്കാനുള്ള ചെലവുകൾ പ്രത്യേകം ഈടാക്കും. പുതിയ ഹാരിയറിനൊപ്പം നിലവിലുള്ള വാഹന ഉടമകൾക്കും ഈ നിരക്കിൽ സൺറൂഫ് ഘടിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് അവസരമൊരുക്കുന്നുണ്ട്. കൂടാതെ ഘടിപ്പിക്കുന്ന നാൾ മുതൽ രണ്ടു വർഷം നീളുന്ന വാറന്റിയും സൺറൂഫിനു ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇക്കൊല്ലം ജനുവരിയിൽ നിരത്തിലെത്തിയ ‘ഹാരിയറി’ന്റെ ഇതുവരെയുള്ള വിൽപ്പന 10,000 യൂണിറ്റിലുമേറെയായിട്ടുണ്ട്. വരുംനാളുകളിലാവട്ടെ ‘ഹാരിയറി’ൽ കൂടുതൽ പുതുമകളും പരിഷ്കാരങ്ങളും നടപ്പാക്കാനും ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നുണ്ട്. ദീപാവലി, നവരാത്രി ഉത്സവകാലം പ്രമാണിച്ച് കറുപ്പിന്റെ പകിട്ടുമായി ടാറ്റ മോട്ടോഴ്സ് ഹാരിയറിന്റെ ഡാർക്ക് എഡീഷൻ പുറത്തിറക്കുമെന്നാണു സൂചന. പിന്നാലെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എൻജിനും ഹാരിയറിൽ ഇടംപിടിക്കും. കൂടാതെ ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ഹാരിയറും വൈകില്ലെന്നാണു പ്രതീക്ഷ. 2019 ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഏഴു സീറ്റുള്ള ഹാരിയറായ ബസാഡും വരും നാളുകളിൽ വിപണിയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here