ചെന്നൈ: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്നാട് സർക്കാർ. അടുത്ത ആഴ്ച മുതൽ മാളുകളിലും ഷോപ്പിംഗ് കോംപ്ളക്സുകൾ അടക്കം പൊതുയിടങ്ങളിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് വിലക്ക് ഏർപ്പെടുത്തും. നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും എടുക്കുന്നതിന് വേണ്ടി ഒരാഴ്ച സമയം അനുവദിക്കുന്നത് എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.മധുരയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേർ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണെന്നു മധുര കളക്ടർ അനീഷ് ശേഖർ പറഞ്ഞു.
മധുര ജില്ലയിൽ 71.6 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്നും 32.8 ശതമാനം പേർ രണ്ടാം ഡോസ് സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച കർണാടകയിലും സമാന രീതിയിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ രണ്ട് അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിംഗപ്പൂരിൽ നിന്നും യുകെയിൽ നിന്നും എത്തിയവരായിരുന്നു ഇവർ. ഒമിക്രോൺ സ്ഥിരീകരണത്തിനായി ഇവരുടെ സ്രവ സാമ്പിളുകൾ ജനിതക ക്രമ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.