കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട മൊഴിനല്‍കാൻ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ്. അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ട് ദിവസത്തെ സാവകാശമാണ് സ്വപ്ന ആവശ്യപ്പെട്ടത്. നേരിട്ട് ഹാജരായാണ് ആവശ്യമുന്നയിച്ചത്. ഇതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സമയം അനുവദിച്ചു. അഭിഭാഷകനെ കണ്ടതിന് ശേഷമായിരുന്നു സ്വപ്ന ഇഡിക്ക് മുന്നിലെത്തിയത്.
സ്വപ്നയ്ക്ക് ഒപ്പം കേസിലെ മറ്റൊരു പ്രതിയായ സരിത്തും അഭിഭാഷകനെ കണ്ടിരുന്നു. ഈ മാസം ഒൻപതിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് സ്വപ്ന അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയിരുന്നില്ല. കസ്റ്റഡിയിലായിരുന്നപ്പോൾ പുറത്തുവന്ന ശബ്ദരേഖയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം എം.ശിവശങ്കറാണെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നതിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്.
എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നെന്നും ബംഗളൂരുവിൽ ഒളിവിൽ താമസിക്കാൻ നിർദേശിച്ചത് ശിവശങ്കറാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്. ശിവശങ്കറിന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.ശിവശങ്കറിന്റെ പുസ്തകത്തിൽ തെറ്റായ കാര്യങ്ങളാണ് പരാമർശിച്ചിരിക്കുന്നതെന്നും അതിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു. തന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിക്കുന്നതിനോട് പൂർണമായും സഹകരിക്കുമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.