തിരുവനന്തപുരം: നിയമമന്ത്രി എ.കെ, ബാലനുമായി നടന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായ സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് പി.എസ്.സി എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍. 36 ദിവസം നീണ്ടു നിന്ന സമരത്തില്‍ പിന്തുണ നല്കിയ എല്ലാ സംഘടനകള്‍ക്കും നന്ദി അറിയക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.
‘ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയെന്ന നിലയില്‍, മന്ത്രിയുടെ വാക്കുകളില്‍ ഞങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നു. തിരഞ്ഞെടുപ്പു ചട്ടം നിലനില്‍ക്കുന്നതിനാല്‍ പ്രായോഗിക തടസ്സങ്ങളുണ്ട്. ഇക്കാരണത്താല്‍ രേഖാമൂലമുള്ള ഉറപ്പു നല്കാന് സാധിച്ചിട്ടില്ല. എത്രയും വേഗം അനുകൂല നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും നിയമ നടപടി കൊണ്ടുവരുമെന്നുമാണ് മന്ത്രിയുടെ ഉറപ്പ് ‘, ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളോട് അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളത്. വാച്ച്മാന്മാരുടെ ജോലി സമയം എട്ട് മണിക്കൂറായി കുറക്കുമെന്നും ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ പൂര്‍ത്തിയാക്കുമെന്നും
ഉറപ്പു നല്കി.
എന്നാല്‍ സി.പി.ഒ. ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരും. സര്‍ക്കാരിന് തങ്ങളുടെ ആവശ്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും രേഖാമൂലം ഉറപ്പു നല്കുകയാണെങ്കില് സമരം എത്രയും വേഗം പിന്‍വലിക്കാന്‍ തയ്യാറാണെന്നും ,സി.പി.ഒ. റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.