Home KERALA നേതൃമാറ്റം അനിവാര്യമായി കോണ്‍ഗ്രസും ബിജെപിയും

നേതൃമാറ്റം അനിവാര്യമായി കോണ്‍ഗ്രസും ബിജെപിയും

സംസ്ഥാനതെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ വലിയ പരാജയക്ഷീണത്തിലാണ് യുഡിഎഫും എന്‍ഡിഎയും. അപ്രതീക്ഷിതമാണ് ഇത്ര വലിയ തോല്‍വിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. എങ്കിലും ഉറച്ച സീറ്റുകളില്‍ പോലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ക്ക് ഭൂരിപക്ഷത്തിലുണ്ടായ കുറവും മുന്നണിയെ അലട്ടിതുടങ്ങിയിട്ടുണ്ട്. ഘടകകക്ഷികളും കടപുഴകിയതോടെ പഴി പരസ്പരം ചാരാന്‍ ആകാത്ത അവസ്ഥയിലുമായി മുന്നണി. അണികളില്ലാതെ നേതാക്കള്‍ മാത്രമായി മാറിയ കോണ്‍ഗ്രസിന് മുമ്പില്‍ ഇനി എന്ത്, എങ്ങനെ എന്ന ചോദ്യം ആണ് ഉയരുന്നത്. പ്രതിപക്ഷ സ്ഥാനം, കെപിസിസി അദ്ധ്യക്ഷ സ്ഥാനം തുടങ്ങിയവയില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. പാലക്കാട് വെല്ലുവിളി ഉയര്‍ത്തിയ ഇ.ശ്രീധരനെ അവസാന ലാപ്പിലെങ്കിലും പൂട്ടിച്ച ഷാഫി പറമ്പിലിന്റെയും കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ തോല്‍പിച്ച് ആധികാരിക വിജയം സ്വന്തമാക്കിയ പി.സി.വിഷ്ണുനാഥിന്റെയും ജയങ്ങള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസില്‍ തിളക്കമുള്ളത്. പാലായില്‍ കെഎം മാണിയെ മലര്‍ത്തിയടിച്ച മാണി സി.കാപ്പന്‍ മുന്നണിക്ക് ചെറിയ ആശ്വാസമായി. രണ്ടിടത്ത് മാത്രം ജയിച്ച കേരളാ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. അതേ സമയം തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ആര്‍എസ്പിക്ക് ഇനി സ്ഥാനം വീണ്ടും ഉറപ്പിക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. ഉറച്ച കോട്ടകളില്‍ പോലും അടിപതറിയ മുസ്ലീംലീഗിനും സ്വന്തം കോട്ടയിലെ പരാജയങ്ങളെ കുറിച്ച് പഠിക്കേണ്ടി വരും. 27 സീറ്റില്‍ മത്സരിച്ച ലീഗിന് പതിനഞ്ച് സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളു. കെ.മുരളീധരന്‍, പത്മജ വേണുഗോപാല്‍, കെ എസ് ശബരിനാഥ്, ഷിബു ബേബി ജോണ്‍, റിങ്കു ചെറിയാന്‍, സുമേഷ് അച്യുതന്‍ തുടങ്ങിയ രാഷ്ട്രീയ ‘മക്കളെ’യും ഇത്തവണ വോട്ടര്‍മാര്‍ വീട്ടിലിരുത്തി. കോവിഡ് മഹാമാരിക്കിടയിലും നെഹ്‌റു കുടുംബം ആഞ്ഞ് ശ്രമിച്ച് പ്രചരണം നടത്തിയെങ്കിലും കോണ്‍ഗ്രസിന് ഒന്നും തുണയായില്ല. സ്റ്റാര്‍ മത്സരാര്‍ത്ഥി, തുറുപ്പുചീട്ട് എന്നൊക്കെ പെരുമ്പറ കൊട്ടി നേമത്ത് എത്തിച്ച കെ.മുരളീധരനെ മൂന്നാമതാക്കി മണ്ഡല വോട്ടര്‍മാര്‍ മാറ്റി.
വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തില്‍ തുറന്ന ഒരു അക്കൗണ്ടും നഷ്ടമായ ബിജെപിക്ക് കനത്ത പ്രഹരമായി ഈ തെരഞ്ഞെടുപ്പ് ഫലം. പൂജ്യം എന്ന സംഖ്യയുടെ ആഘാതം ബിജെപി ക്യാമ്പുകളെ എങ്ങനെ ബാധിക്കുമെന്ന് അധികം വൈകാതെ അറിയാനാകും. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കേന്ദ്രത്തിന് വിശദീകരണം നല്‍കേണ്ടി വരും. സുരേന്ദ്രവിരുദ്ധ പക്ഷത്തിനാകട്ടെ നേതൃമാറ്റത്തിനായി കച്ച മുറുക്കാന്‍ അവസരവുമായി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്വനാഥ് തുടങ്ങി ബിജെപിയുടെ എല്ലാ സ്റ്റാര്‍ നേതാക്കളും സംസ്ഥാനത്ത് പറന്നിറങ്ങിയായിരുന്നു പ്രചരണം. പണത്തിന് പണം, പ്രചരണത്തിന് പ്രചരണം, സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികള്‍. ഒന്നിനും ഒരു കുറവുണ്ടായില്ല. ഇതിനിടയില്‍ തലശ്ശേരിയിലും ഗുരുവായൂരും പാര്‍ട്ടി സ്ഥനാര്‍ത്ഥികളുടെ പത്രിക തന്നെ തള്ളിപ്പോയതും ഉയര്‍ന്നു വരും. മഞ്ചേശ്വരത്തും കോന്നിയിലും ഹെലികോപ്ടറില്‍ പറന്ന് പ്രചരണം നടത്തിയ സുരേന്ദ്രന് എല്ലാം പിഴച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തിനും മുന്‍ ഡിജിപി ജേക്കബ് തോമസിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അല്‍പമെങ്കിലും ചലനമുണ്ടാക്കാന്‍ കഴിഞ്ഞത് മെട്രോമാന്‍ ഇ.ശ്രീധരനും സുരേഷ് ഗോപിക്കും മാത്രം. നേമത്ത് പിന്നെ കുമ്മനത്തിന്റെ രണ്ടാം സ്ഥാനം അത്ഭുതപ്പെടുത്തുന്നതുമല്ല. ഇനി എങ്ങനെയാകും നേതൃത്വ മാറ്റം ഉണ്ടാകുക എന്നതിന് മാത്രം കാതോര്‍ത്താല്‍ മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here