Home KERALA ലോക് ഡൗണ്‍ നീട്ടല്‍; പുതിയ മാര്‍ഗ്ഗ രേഖ; എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ വീണ്ടും നീളും;...

ലോക് ഡൗണ്‍ നീട്ടല്‍; പുതിയ മാര്‍ഗ്ഗ രേഖ; എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ വീണ്ടും നീളും; ഉത്തരപ്പേപ്പര്‍ മൂല്യനിര്‍ണയവും തുടരാനാവില്ല

 

തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടിയതോടെ, എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നേക്കും. സ്‌കൂളുകളും കോളേജുകളും തുറക്കുകയോ ഓണ്‍ലൈന്‍ രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്രനിര്‍ദേശത്തിലുണ്ട്. അതിനാല്‍ നിലവില്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റേണ്ടിവരും. ഇപ്പോള്‍ തുടങ്ങിയ ഉത്തരപ്പേപ്പര്‍ മൂല്യനിര്‍ണയവും തുടരാനാവില്ല.

ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തിക്കാനാവില്ലെന്ന നിര്‍ദേശവും സംസ്ഥാനത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ശാരീരിക അകലം പാലിച്ച് ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചിട്ടില്ല. ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തില്‍ മദ്യവില്‍പ്പന സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ക്രമീകരണവും പാളും. ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുമ്പോള്‍ തിരക്കൊഴിവാക്കാന്‍ ബാറുകളിലൂടെയും വില്‍പ്പന നടത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇതിലും മാറ്റം വരുത്തേണ്ടിവരും.

പൊതുഗതാഗതം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നതാണ് കേന്ദ്രനിര്‍ദേശത്തില്‍ പറയുന്നത്. സംസ്ഥാനത്തിനുള്ളില്‍ ബസ് സര്‍വീസ് നടത്തുന്നതിന് കേന്ദ്ര വിലക്കില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അന്തഃസംസ്ഥാന ബസ് യാത്രകളും തുടങ്ങാം. എന്നാല്‍, കേരളം അതിന് ഉടനെ അനുമതികൊടുക്കില്ല.

ജില്ലയ്ക്കുള്ളില്‍ മാത്രം സര്‍വീസ് പരിമിതപ്പെടുത്തുമെന്ന നിര്‍ദേശമാണ് കേരളം കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഓട്ടോ സര്‍വീസും നിയന്ത്രണങ്ങളോടെ അനുവദിച്ചേക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും അന്തഃസംസ്ഥാന യാത്രയ്ക്ക് തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here