ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗപരിധി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥ മീറ്റിംഗിലാണ് ഇത് ആവശ്യപ്പെട്ടത്. ദേശീയ പാതകളില്‍ മണിക്കൂറില്‍ 120 കിലോമീറ്ററായും എക്സ്പ്രസ് ഹൈവേയില്‍ മണിക്കൂറില്‍ 140 കിലോമീറ്ററുമായി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. നിലവില്‍ ഇത് 100,120 എന്ന രീതിയിലാണ്.
അതേ സമയം, സംസ്ഥാനങ്ങള്‍ക്ക് സ്വയമായും വേഗപരിധി നിശ്ചയിക്കാന്‍ അധികാരമുണ്ടാകും. കേരളത്തില്‍ ഇപ്പോള്‍ ദേശീയ പാതയില്‍ പരമാവധി വേഗപരിധി 85 കിലോമീറ്റര്‍ ആണ്. നേരത്തെ ഇത് 70 ആയിരുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ അറുപത് കിലോമീറ്ററും നാല് വരി പാതയില്‍ എഴുപത് കിലോമീറ്ററും ആണ് വേഗപരിധി. എന്നാല്‍ സംസ്ഥാനപാതയിലും കോര്പ്പറേഷന് പരിധിക്കുള്ളിലും അമ്പത് കിലോമീറ്റര്‍ മാത്രമേ വേഗത അനുവദിക്കു. കാറുകള്‍ക്ക് കോര്പ്പറേഷന് പരിധിക്കുള്ളില്‍ അമ്പത് കിലോമീറ്റര്‍ മാത്രമാണ് അനുവദിച്ചിട്ടുള്ള വേഗപരിധി. സംസ്ഥാന പാതയിലും ദേശീയപാതയിലും യഥാക്രമം എണ്‍പതും എണ്‍പത്തിഅഞ്ചും വേഗതയില്‍ സഞ്ചരിക്കാമെങ്കില്‍ നാല് വരി പാതയില്‍ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററുമാണ്.