തിരുവനന്തപുരം: ശ്യാമൾ മണ്ഡൽ വധക്കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് 17 വർഷം കഴിയുന്ന വേളയിലാണ് തിരുവനന്തപുരത്തെ സിബിഐ കോടതി വിധി പറയുന്നത്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും ആൻഡമാൻ സ്വദേശിയുമായ ശ്യാമളിനെ പണത്തിനു വേണ്ടി കുടുംബ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
2005 ഒക്ടോബർ 17ന് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ശ്യാമളിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബ സുഹൃത്തായ മുഹമ്മദലിയും കൂട്ടുപ്രതിയായ ദുർഹ ബഹദബൂറും ചേർന്നാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ഫോർട്ട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയുടെ കണ്ടെത്തലും സമാനമായിരുന്നു.
ശ്യാമളിന്റെ ഫോൺ രേഖകളായിരുന്നു കേസിന്റെ വഴിത്തിരിവായത്. മുഹമ്മദാലിയാണ് ഹോസ്റ്റലിൽ നിന്ന് ശ്യാമളിനെ കിഴക്കേക്കോട്ടയിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ നിന്നാണ് ശ്യാമളിനെ ഇരുവരും ചേർന്ന് തട്ടിക്കൊണ്ടു പോയത്. ശേഷം ശ്യാമളിന്റെ ഫോണിൽ നിന്ന് അച്ഛൻ ബസുദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ആവശ്യപ്പെട്ടു. പണവുമായി പിതാവ് ചെന്നൈയിൽ അലയുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തിയ വിവരം അറിഞ്ഞത്. ഇതിനു പിന്നാലെ ശ്യാമളിന്റെ ഫോൺ ചെന്നൈയിലെ ഒരു കടയിൽ വിറ്റ ശേഷം ആൻഡമാനിലേക്ക് കടന്ന മുഹമ്മദാലിയെ അവിടെ നിന്നുമാണ് പൊലീസ് പിടികൂടിയത്.
രണ്ടാം പ്രതിയായ ദുർഹ ബഹദബൂറിനെ ഇതുവരെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാൾ ഒരു ഹോട്ടൽ തൊഴിലാളി ആയിരുന്നുവെന്നാണ് വിവരം. ശ്യാമളിന്റെ പിതാവ് ബസുദേവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ 2008ലാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നത്. ദുർഹ ബഹദബൂറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും കണ്ടെത്താനായില്ല.
2020 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണ കൊവിഡ് വ്യാപനം കാരണം ഇടയ്ക്ക് വച്ച് മുടങ്ങി. കേസിൽ 56 സാക്ഷികളെയാണ് വിസ്തരിച്ചത്. ചെന്നൈയിലെ കടയിൽ വിറ്റ ശ്യാമളിന്റെ ഫോണാണ് കേസിൽ വഴിത്തിരിവായ തെളിവ്. സിബിഐയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്ക്യൂട്ടർ അരുൺ കെ ആന്റണി ഹാജരാകും.