കോട്ടയം: കോട്ടയത്തെ പത്തൊൻപതുകാരൻറെ കൊലപാതകം ഗുണ്ടാ സംഘങ്ങൾക്കിടയിൽ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണെന്ന് കോട്ടയം എസ് പി ഡി ശിൽപ. ജോമോൻ കെ ജോസ് തന്നെയാണ് കൊലയാളി. ഇയാളെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ജില്ല വിട്ടതോടെ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
ഗുണ്ടാ നേതാവായ സൂര്യന്റെ സംഘവുമായി പ്രതിക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് സൂര്യന്റെ സുഹൃത്തായ ഷാനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നു എസ് പി പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യും. കൂടുതൽ പേർ കൊലയ്ക്ക് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് പി അറിയിച്ചു.
അർദ്ധരാത്രി തന്നെ പരാതി നൽകിയിട്ടും തന്റെ മകനെ രക്ഷിക്കാൻ പൊലീസിനായില്ലെന്ന് കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ അമ്മ. തന്റെ മകനെ കൊണ്ടുപോയത് ജോമോനാണെന്ന് പറഞ്ഞ് തന്നെയാണ് പരാതി നൽകിയിരുന്നതെന്നും ഷാനിന്റെ അമ്മ ത്രേസ്യാമ്മ വ്യക്തമാക്കി.എന്റെ മകൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. കാല് മുറിഞ്ഞിരുന്നത് കൊണ്ടാണ് ജോമോൻ വന്നപ്പോൾ ഓടി രക്ഷപ്പെടാൻ പറ്റാതിരുന്നത്. അർദ്ധരാത്രി തന്നെ പോയി പരാതിപ്പെട്ടിട്ട് പൊലീസുകാർ എന്ത് ചെയ്തു. രാവിലെ ഷാനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും അമ്മ പറഞ്ഞു.