സ്വന്തം ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ച് നടി സാധിക വേണുഗോപാല്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് താന്‍ ഉള്ളതെന്നും തന്റെ ചിത്രം വച്ച് പ്രചരിക്കുന്ന മറ്റൊന്നും സത്യമല്ലെന്നും നടി വ്യക്തമാക്കി. സാധികയുടെ ചിത്രത്തോടൊപ്പം സൗജന്യ വീഡിയോ കാള്‍ എന്ന വ്യാജ പരസ്യചിത്രം പങ്ക് വച്ചായിരുന്നു നടിയുടെ പരാമര്‍ശം.
താന്‍ ആരെയും അങ്ങോട്ട് മെസേജ് ചെയ്യുകയില്ലെന്നും താന്‍ എന്ന് തെറ്റിദ്ധരിച്ച് തട്ടിപ്പില്‍ പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം തട്ടിപ്പില്‍ പെടുന്നവര്‍ക്ക് മാത്രമാകുമെന്നും സാധിക ഓര്‍മിപ്പിക്കുന്നു. തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളിലൂടെ പണം സമ്പാദിക്കുന്നതായും ചാന്‍സ് തരാമെന്ന വാഗ്ദാനം ചെയ്ത് പറ്റിക്കുന്നതായും ശ്രദ്ധയില്‍ പെടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും നടി ആവശ്യപ്പെടുന്നു. പല ഡേറ്റ്, ദേസി ആപ്ലിക്കേഷനിലും തന്റെ ഫോട്ടോയും പ്രൊഫൈലും വച്ച് വ്യാജവാഗ്ദാനങ്ങള്‍ ഉണ്ട്. അതില്‍ വിശ്വസിച്ച് സ്വന്തം ജീവിതം ഇല്ലാതാക്കിയാല്‍ താന്‍ ആകില്ല ഉത്തരവാദി. ഓരോ സൈറ്റും കണ്ടു പിടിച്ച് അത് നീക്കം ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും സാധിക കുറിച്ചു. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം മാത്രം ആയിരിക്കുമെന്നും നടി കുറിപ്പില്‍ ആവര്‍ത്തിക്കുന്നുണ്ട്.
‘പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്സ് ഉണ്ടാകു എന്നതിനാലാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ആളുകള്‍ മുതിരുന്നത്. തട്ടിപ്പ് നടത്തുന്നവര്‍ക്ക് അമ്മയും പെങ്ങന്മാരും ഇല്ലേ. അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ. എല്ലാവരും മനുഷ്യര്‍ ആണ് സഹോ’ ഇത്തരത്തില്‍ ആണ് ഫേസ്ബുക്ക് പോസ്റ്റ് സാധിക നിര്‍ത്തുന്നത്.