ശബരിമല: മീനമാസ പൂജ, ഉത്സവം എന്നിവയ്ക്കായി തീര്‍ഥാടകര്‍ക്ക് പൊലീസിന്റെ വെര്‍ച്വല്‍ ക്യു ബുക്കിങ് ഇന്ന് വൈകിട്ട് 5ന് ആരംഭിക്കും. sabarimalaonline.org എന്ന സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. ദിവസവും 5000 പേര്‍ക്കാണ് ദര്‍ശനാനുമതി.മീനമാസ പൂജയ്ക്കായി 14ന് വൈകിട്ട് 5ന് നട തുറക്കും.
28 വരെ ദര്‍ശനം ഉണ്ടാകും. 10 ദിവസത്തെ ഉത്സവത്തിനായി 19ന് രാവിലെ 7.15നും 8നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കൊടിയേറും. മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി സഹകാര്‍മികത്വം വഹിക്കും. ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകള്‍ക്ക് മാറ്റമില്ല.
20 മുതല്‍ 27 വരെ ഉത്സവബലി ഉണ്ടാകും. 27ന് രാത്രി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. തിരിച്ചെത്തി ശ്രീകോവിലിനു പുറത്താണ് അയ്യപ്പന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് 28ന് പമ്പയില്‍ ആറാട്ട് നടക്കും. തിരിച്ചെഴുന്നള്ളി സന്നിധാനത്തെത്തിയ ശേഷം കൊടിയിറക്കും. 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് പ്രവേശനം. നിലയ്ക്കലില്‍ പരിശോധനാ സൗകര്യം ഉണ്ട്