Home Editers pick ശബരിമല തീര്‍ത്ഥാടനം: പരമ്പരാഗത കാനന പാത ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി; വൈകിട്ട് മൂന്നു...

ശബരിമല തീര്‍ത്ഥാടനം: പരമ്പരാഗത കാനന പാത ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി; വൈകിട്ട് മൂന്നു മുതല്‍ പാതയിലൂടെ തീര്‍ത്ഥാടകരെ കടത്തി വിടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍; കാനന പാതയിലൂടെ അഴുത മുതല്‍ പമ്പ വരെ 21 കിലോമീറ്റര്‍; കഴിഞ്ഞ രണ്ട് സീസണിലും കാനന പാതയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചത് 2 തീര്‍ത്ഥാടകര്‍

പമ്പ: ശബരിമല സീസണില്‍ പരമ്പരാഗത കാനന പാതയിലൂടെ സന്നിധാനത്തേക്കുളള യാത്രയില്‍ വന്യ മൃഗങ്ങളുടെ ആക്രമണങ്ങളില്‍ രണ്ടു തീര്‍ത്ഥാടകര്‍ മരിക്കാനിടയായ സാഹചര്യം മുന്‍ നിര്‍ത്തി ഇത്തവണ പരനാപരാഗത പാതയിലൂടെസന്നിധാനത്തേക്ക് പോകുന്നവര്‍ക്ക് പത്തനംതിട്ട ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട് മൂന്നു മുതല്‍ ഈ പാത ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ പിബി നൂഹ് ഉത്തരവിട്ടു.കഴിഞ്ഞ രണ്ട്്‌സീസണിലും ഇവിടെ ഓരാള്‍ വീതം വന്യമൃഗങ്ങളുടെ ആക്രണമത്തില്‍ മരിച്ചിരുന്നു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദുര്‍ഘടമായ പരമ്പരാഗത കാനന പാതയിലെ സ്ഥിതിയും സൗകര്യങ്ങളും നേരിട്ടു വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ശബരിമല വനാന്തരത്തിലൂടെ സഞ്ചരിച്ചു.

ശബരിമല തീര്‍ത്ഥാടകരെ ഏറെ ആകര്‍ഷിക്കുന്ന പരമ്പരാഗത കാനന പാതകളില്‍ ഒന്നാണ് പമ്പചെറിയാനവട്ടം മുക്കുഴിഅഴുത പാത. ശബരിമല നടതുറക്കുന്നതോടെ എരുമേലിയില്‍ നിന്ന് പേട്ടതുള്ളിയെത്തുന്ന തീര്‍ത്ഥാടകര്‍ അഴുത, കല്ലിടാംകുന്ന് മുക്കുഴി, വെള്ളാറഞ്ചെറ്റ, മഞ്ഞപ്പടിത്തട്ട്, വള്ളിത്തോട്, പുതുശേരി, കരിമല വഴി 21 ് കിലോമീറ്റര്‍ നടന്നാണ് പമ്പയില്‍ എത്തുന്നത്. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും രാത്രിയില്‍ തീര്‍ത്ഥാടകര്‍ വനത്തില്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യതയും കണക്കിലെടുത്ത് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പരമ്പരാഗത കാനനപാതയിലൂടെ തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

വൈകിട്ട് മൂന്നിനു ശേഷം അഴുതയില്‍ നിന്ന് യാത്ര തിരിക്കുന്ന തീര്‍ത്ഥാടകര്‍ പമ്പയില്‍ എത്തുമ്പോഴേക്കും രാത്രി 12 മണി കഴിയും. കഴിഞ്ഞ വര്‍ഷം, രാത്രി ആറിനു ശേഷം തീര്‍ത്ഥാടകര്‍ക്കു നേരേ ആനയുടെയും ഇഴ ജന്തുക്കളുടെയും ആക്രമണം പല തവണ സംഭവിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, തീര്‍ത്ഥാടകരുടെ സുരക്ഷിത്വത്തിന് ഭീഷണി ഉള്ളതിനാല്‍, വൈകുന്നേരം മൂന്നിനു ശേഷം കാനനപാതയിലൂടെ കടത്തി വിടുന്നത് അപകടകരമാണെന്ന് വിലയിരുത്തിയാണ് തീരുമാനം.

പരമ്പരാഗത തീര്‍ത്ഥാടന പാതയായ ചെറിയാനവട്ടം മുതല്‍ മുക്കുഴി വരെയുള്ള 21 കിലോമീറ്റര്‍ ഭാഗം കാല്‍നടയായി സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനനപാതയിലെ രാത്രിയാത്ര അപകടം നിറഞ്ഞതും, സുരക്ഷിതമല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആനയുടെ ആക്രമണം, ഇഴജന്തുക്കളുടെ ശല്യം എന്നിവ ഉണ്ടാകുന്ന സാഹചര്യങ്ങള്‍, അവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍, തീര്‍ത്ഥാടകര്‍ക്കായി സ്ഥാപിച്ച എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനം, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവ ജില്ലാ കളക്ടറും സംഘവും പരിശോധിച്ചു.

കാനനപാതയിലൂടെ കടന്നു വരുന്ന തീര്‍ത്ഥാടകരുടെ എണ്ണം രേഖപ്പെടുത്തും. തീര്‍ത്ഥാടകര്‍ക്ക് വേണ്ട മറ്റു സൗകര്യങ്ങള്‍ ഒരുക്കും. വഴിയില്‍ മരണപ്പെടുന്ന തീര്‍ത്ഥാടകരുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിനുള്ള ഫ്രീസര്‍ ഉള്ള ആംബുലന്‍സ് സൗകര്യം, ആശുപത്രിയിലേക്ക് കൂടെ പോകുന്നവര്‍ക്ക് വഴിച്ചെലവിനുള്ള സാമ്പത്തിക സഹായത്തിന് അനുമതി എന്നിവയ്ക്കായി സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ശബരിമല എഡിഎം എന്‍എസ്‌കെ ഉമേഷ്, തിരുവല്ല സബ് കലക്ടര്‍ ഡോ.വിനയ് ഗോയല്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ കെ.ആര്‍ അനൂപ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് (വെസ്റ്റ് ) ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ഹാബി, റെയ്ഞ്ച് ഓഫീസര്‍ എന്‍കെ അജയ് ഘോഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ അനില്‍ ചക്രവര്‍ത്തി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here