കീവ്: ഖേഴ്സൻ വിമാനത്താവളത്തിൽ നിരവധി റഷ്യൻ ഹെലികോപ്റ്റുകൾ യുക്രെയ്ൻ സൈന്യം നശിപ്പിച്ചതായി യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ പ്ലാനറ്റ് ലാബ്സ് പുറത്തു വിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിന്റെ ചിത്രങ്ങളാണു പുറത്തു വന്നത്.
3 റഷ്യൻ ഹെലികോപ്റ്ററുകളെങ്കിലും ഖേഴ്സൻ വിമാനത്താവളത്തിൽ കത്തിനശിച്ചതായാണ് റിപ്പോർട്ട്. വിമാനത്താവളത്തിനു സമീപം കണ്ട റഷ്യൻ സൈനിക വാഹനങ്ങളും യുക്രെയ്ൻ സൈന്യം അടിച്ചു തകർത്തു. തുറമുഖ നഗരമായ ഖേഴ്സനു സമീപമുള്ള കോമിഷാനിക്ക് ഗ്രാമത്തിൽ നിന്നുള്ള ഡ്രോൺ ദൃശ്യങ്ങളിൽ വിമാനത്താവളത്തിൽ നിന്ന് കറുത്ത പുക ഉയരുന്നതായി കാണാം.
യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സർ തിങ്കളാഴ്ച പുറത്തുവിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ ഖേഴ്സനിലെ രാജ്യാന്തര വിമാനത്താവളത്തിൽ നിരവധി റഷ്യൻ സൈനിക ഹെലികോപ്റ്ററുകളും വാഹനങ്ങളും നിലയുറപ്പിച്ചിരിക്കുന്നതായി വ്യക്തമായിരുന്നു.
തെക്കൻ നഗരമായ ഖേഴ്സൻ പൂർണമായി പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടതിനു പിന്നാലെയാണ് യുക്രെയ്ൻ സൈന്യം നടത്തിയ ചെറുത്തുനിൽപിന്റെ വാർത്തകളും പുറത്തു വന്നത്. ഇവിടെ തെരുവിലിറങ്ങിയ ജനങ്ങളെ പിരിച്ചുവിടാൻ വെടിവയ്പുണ്ടായതായാണ് ബ്രിട്ടിഷ് ഇന്റലിജൻസ് റിപ്പോർട്ട്. ബെർഡിയാൻസ്ക്, മെലിറ്റോപോൾ എന്നിവിടങ്ങളിലും ജനം തെരുവിലിറങ്ങി. ചെർണീവിലും ആക്രമണം രൂക്ഷമാണ്.
യുദ്ധം 21–ാം ദിവസത്തിലേക്കു കടന്നപ്പോൾ മറ്റൊരു ഉയർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൂടി യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയുടെ 150 മോട്ടോറൈസ്ഡ് റൈഫിൾ ഡിവിഷന്റെ കമാൻഡർ, മേജർ ജനറൽ ഒലെഗ് മിത്യേവ് കൊല്ലപ്പെട്ടതായി യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്നിന്റെ അവകാശവാദം ശരിയാണെങ്കിൽ യുക്രെയ്നിൽ കൊല്ലപ്പെടുന്ന റഷ്യൻ സൈന്യത്തിലെ നാലാമത്തെ മുതിർന്ന ഉദ്യോഗസ്ഥനാണു കമാൻഡർ മേജർ ജനറൽ ഒലെഗ് മിത്യേവ്.