കീവ്: യുക്രൈനില്‍ റഷ്യ നടത്തുന്ന കൂട്ടക്കുരുതിയുടെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. തലസ്ഥാനമായ കീവില്‍ 900-ത്തോളം സാധാരണക്കാരായ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. വെടിയേറ്റു മരിച്ചവരുടെ മൃതദേഹങ്ങളാണ് മിക്കവയുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. കീവില്‍ മിസൈല്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്.
നേരത്തെ റഷ്യയുടെ പ്രധാനപ്പെട്ട യുദ്ധക്കപ്പല്‍ യുക്രൈന് മിസൈലുപയോഗിച്ച് തകര്‍ത്തതായും വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. അതിനിടെ, ലോകരാജ്യങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ കിഴക്കന്‍ യുക്രൈനില്‍ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിലാണ് മോസ്കോ. തെക്കന്‍ തുറമുഖ നഗരമായ മരിയോപോളിലും ശക്തമായ ആക്രമണം തുടരുകയാണ്. അവിടെ റഷ്യന്‍ സൈന്യം മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വടക്കുകിഴക്കന്‍ നഗരമായ ഹാര്‍കിവിലെ ജനവാസ കേന്ദ്രത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ്മാസം പ്രായമായ കുഞ്ഞടക്കം ഏഴ് പേര് കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പല സ്ഥലങ്ങളിലും മൃതദേഹങ്ങള്‍ വലിച്ചെറിയപ്പെടുകയോ കൂട്ടമായി കുഴിച്ചുമൂടുകയോ ആണ് ചെയ്യുന്നത്. 95 ശതമാനവും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. മരിയോപോള്‍ പോലുള്ള നഗരങ്ങളില്‍ മാത്രം പരിശോധിച്ചാല്‍ റഷ്യന്‍ ക്രൂരതയുടെ തെളിവുകള്‍ കാണാനാവുമെന്ന് ഉക്രൈന് ജനപ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.