Home KERALA കോണ്‍ഗ്രസില്‍ രാജി തുടരുന്നു; കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി രാജിവച്ചു

കോണ്‍ഗ്രസില്‍ രാജി തുടരുന്നു; കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി രാജിവച്ചു

വയനാട്: പാര്‍ട്ടിയില്‍ നിരന്തരമായി സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിതാ നേതാവ് കൂടി രാജിവച്ചു. കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി ടീച്ചറാണ് രാജിവച്ചത്. പാര്‍ട്ടിയുടെ പ്രാഥമികാംഗ്വത്തില്‍ നിന്ന് വരെയാണ് രാജി. പാര്‍ട്ടിയില്‍ നിരന്തരമായി സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം, എഐസിസി അംഗത്വം എന്നിവ രാജിവച്ചു. സമീപ കാലങ്ങളില്‍ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് കെ സി റോസക്കുട്ടി പറയുന്നത്.

കോണ്‍ഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാന്‍ സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ റോസക്കുട്ടി ലതിക സുഭാഷിനോട് കാണിച്ചത് ഏറെ വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ലതിക തലമുണ്ഡനം ചെയ്ത ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണം വേദനിപ്പിച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ഉറപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയേണ്ടി വന്നുവെന്നും റോസക്കുട്ടി പറയുന്നു.

വയനാട് ജില്ലയില്‍ ഹൈക്കമാന്‍ഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നുവന്നും മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് പറഞ്ഞ റോസക്കുട്ടി പൊതു പ്രവര്‍ത്തനം വിടാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. വയനാട്ടില്‍ നിന്നുള്ള ആളുകളെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏറെ പരിശ്രമിച്ചുവെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അംഗീകരിച്ചില്ലെന്നാണ് ആരോപണം. വയനാട്ടുകാരെ അവഗണിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നാണ് ആക്ഷേപം.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടൊ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇപ്പോള്‍ ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും കെ സി റോസക്കുട്ടി ടീച്ചര്‍ അറിയിച്ചു. കെ സി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചുവെന്നും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും റോസക്കുട്ടി വ്യക്തമാക്കി.

കല്‍പ്പറ്റ സീറ്റ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാള്‍ക്ക് കൊടുത്തത് രാജിയുടെ ഒരു പ്രധാന കാരണമാണെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് വനിതാ നേതാവ് താന്‍ രാജി തീരുമാനത്തിന് മുമ്പ് ലതിക സുഭാഷുമായി സംസാരിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. വയനാട്ടില്‍ നിന്ന് ഒരാള്‍ക്ക് കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ കൊടുത്തിരുന്നെങ്കില്‍ രാജി ഒഴിവാക്കാമായിരുന്നുവെന്നാണ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here