Home KERALA വാക്കുകളിലെ ചിരിയും ചിന്തയും ഇനി ഇല്ല! ദുഖത്തോടെ വിട

വാക്കുകളിലെ ചിരിയും ചിന്തയും ഇനി ഇല്ല! ദുഖത്തോടെ വിട

മാനവികതയുടെ നേര്‍പാഠമായിരുന്ന ജീവിതവുമായി സവിശേഷമായ സുവിശേഷങ്ങളിലൂടെ മലയാളമണ്ണില്‍ പത്ത് പതിറ്റാണ്ടുകള്‍ തികച്ച മഹാവ്യക്തിത്വമാണ് കേരളത്തിന് നഷ്ടമാകുന്നത്. ദൈവവുമായി നേരിട്ട് സംവദിക്കുന്ന വൈദികന്‍. തിരുമേനി എന്തല്ലായിരുന്നു എന്നതാണ് നോക്കേണ്ടത്. വേദികളിലും എഴുത്തിലും ചിരി പടര്‍ത്തി ഒപ്പം ജീവിതത്തെ കുറിച്ച് നന്നായി ചിന്തിക്കാനും പ്രേരിപ്പിച്ചു. കര്‍മപാതയില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കാത്ത തിരുമേനിയ്ക്ക് തുല്യം അദ്ദേഹം മാത്രമായി മാറി. സ്വന്തം ആശയങ്ങള്‍ എത്തിക്കേണ്ടിടത്ത് കൃത്യമായി എത്തിക്കാന്‍ അദ്ദേഹത്തിന് എന്നും കഴിഞ്ഞു. യാത്രകള്‍ സ്‌നേഹിച്ച വ്യക്തി. ദീപ്തമായ ഓര്‍മയായി മാറുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകളും ഓര്‍മകളും മലയാളം ഉള്ളിടത്തോളം ജീവിക്കുക തന്നെ ചെയ്യും.
രാഷ്ട്രീയത്തിനും മതത്തിനും മേലെ എല്ലാ നേതാക്കന്‍മാരും അദ്ദേഹത്തിനെ സ്‌നേഹിക്കുകയും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു. മനുഷ്യത്വത്തെ സ്വന്തം രാഷ്ട്രീയമായി കണ്ട തിരുമേനിയ്ക്കാകട്ടെ എല്ലാവരും ഒരു പോലെ തന്നെയായിരുന്നു. വിശ്വാസികളോട് ലളിതമായി സംസാരിച്ച് ദൈവവുമായി നിരന്തരം നര്‍മസംഭാഷണത്തില്‍ ഏര്‍പ്പെട്ട് അസാധാരണ വ്യക്തിത്വമായി അദ്ദേഹം നിലകൊണ്ടു. ഏത് വേദികളിലും അദ്ദേഹം സംസാരിക്കുന്നത് ‘സര്‍വ്വജന’ത്തിന് വേണ്ടിയായിരുന്നു. ക്രിസോസ്റ്റം തിരുമേനി എന്ന നാമം കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ സമാധാനത്തിന്റെ ചിരിയിലായി.
സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ സമൂഹത്തില്‍ അദ്ദേഹം നിര്‍ണായക സ്വാധീനം ചെലുത്തി. ആഴമേറിയ വിശ്വാസ പ്രമാണങ്ങള്‍ അദ്ദേഹത്തിന്റെ നാവിലൂടെ ലളിതമായി വിശ്വാസികളിലേക്ക് എത്തി. വെറും പറച്ചില്‍ മാത്രമായി ഒതുങ്ങിയില്ല അദ്ദേഹത്തിന്റെ വാക്കുകള്‍. പറയുന്നതെല്ലാം പ്രവര്‍ത്തിച്ച് കാണിക്കുകയും കൂടി ചെയ്തു. തിരുവല്ലയില്‍ ആരെത്തിയാലും തിരുമേനിയെ കാണാതൊരു മടക്കമില്ല. റെയില്‍ കോളനിയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ക്കായി ലാന്‍ഡ്‌ലെസ് ആന്‍ഡ് ഹോംലെസ് പദ്ധതി തുടങ്ങി. തിരുമേനിയുടെ കാരുണ്യസ്പര്‍ശത്തില്‍ ജീവിതം കെട്ടിപ്പൊക്കിയവര്‍ ഏറെയാണ്. ചിലര്‍ക്ക് പഠനത്തിനായി ക്രമീകരണങ്ങള്‍ ചെയ്ത അദ്ദേഹം മറ്റു ചിലര്‍ക്ക് ജീവിതം തന്നെ നേരെയാക്കി. നവതി ആഘോഷ വേളയില്‍ 1500 വീടുകള്‍ അദ്ദേഹം നിര്‍മിച്ചു നല്‍കുകയുണ്ടായി. മനുഷ്യത്വം ഇല്ലാത്ത പ്രവര്‍ത്തി കാണിച്ചാല്‍ സ്വന്തം ആളുകളെ പോലും അദ്ദേഹം വിമര്‍ശിക്കാനും ശാസിക്കാനും മടിച്ചില്ല.
1954 മുതല്‍ 2018 വരെ തുടര്‍ച്ചയായി 65 മാരമണ്‍ കണ്‍വെന്‍ഷനുകളില്‍ ആയിരുന്നു അദ്ദേഹം പ്രസംഗിച്ചത്. അഞ്ച് സഹോദരങ്ങളാണ് തിരുമേനിക്ക് ഉള്ളത്. സ്‌കൂള്‍ കാലം മുതല്‍ക്കേ ഗാന്ധിയനായിരുന്നു തിരുമേനി. അചഞ്ചലമായ ഭക്തിയും കര്‍മ്മമണ്ഡലത്തിലെ നേര്‍പ്രവര്‍ത്തിയും മാനുഷികതയും ധര്‍മ്മിഷ്ഠതയും അങ്ങനെ എല്ലാം കൂടി ഒത്തു വന്ന തികച്ചും അപൂര്‍വ്വമായ ജീവിതഉടമ. ഇനി തന്റെ നര്‍മ്മങ്ങളുമായി ദൈവത്തെ മുഴുവന്‍ സമയവും ചിരിപ്പിക്കാന്‍ യാത്രയാകുന്ന വലിയ തിരുമേനിക്ക് വേദനയോടെ കണ്ണീരോടെ വിട!

LEAVE A REPLY

Please enter your comment!
Please enter your name here