കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് സംഭവം. മകള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പിതാവ് വാഹനാപകടത്തില്‍ മരിച്ചത്. അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.
പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടക്കുന്നതിനിടെ പിതാവ് ഒരു ചായ കുടിക്കാനായി പുറത്തുപോയിരുന്നു. അതിനിടെയാണ് ലോറി ഇടിച്ച് അപകടമുണ്ടായത്. ഉടന്‍തന്നെ അദ്ദേഹത്തെ കാന്‍പുരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പാണ് 13 വയസ്സുകാരിയായ മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ പ്രതികളുടെ കുടുംബത്തില്‍നിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് ആശുപത്രിക്ക് മുന്നില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ കാന്‍പുര്‍ സ്വദേശി മരിച്ചത്. ഇതോടെ ബലാത്സംഗക്കേസിലെ പ്രതികളാണ് അപകടമരണത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ഗോലു യാദവിന്റെ പിതാവ് യു.പി. പോലീസിലെ എസ്.ഐ.യാണ്. പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഗോലു യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. പരാതി നല്‍കിയതിന് പിന്നാലെ ഗോലു യാദവിന്റെ സഹോദരനടക്കം വീട്ടിലെത്തി അച്ഛന് എസ്.ഐ.യാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പിതാവിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ പോലീസിന് പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചു.
അതേസമയം, വാഹനാപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടന്‍ കണ്ടെടുക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. രണ്ട് കേസുകളിലും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.