Home KERALA രമേശ് ചെന്നിത്തലയെ ഇന്ദ്രപ്രസ്ഥം വിളിക്കുന്നു?? തെരഞ്ഞെടുപ്പ് പരാജയത്തില്‍ ‘പ്രൊമോഷന്‍’ ലഭിക്കുന്ന പ്രതിപക്ഷനേതാവ്

രമേശ് ചെന്നിത്തലയെ ഇന്ദ്രപ്രസ്ഥം വിളിക്കുന്നു?? തെരഞ്ഞെടുപ്പ് പരാജയത്തില്‍ ‘പ്രൊമോഷന്‍’ ലഭിക്കുന്ന പ്രതിപക്ഷനേതാവ്

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ എത്തിക്കാനാണ് എഐസിസി തീരുമാനമെന്ന് അറിയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വമോ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമോ ചെന്നിത്തലയ്ക്ക് നല്‍കിയേക്കും. മുമ്പ് പാര്‍ലമെന്റ് അംഗമായിരുന്ന ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. ദേശീയ നേതാക്കളുമായുള്ള അടുപ്പവും ചെന്നിത്തലയ്ക്ക് തുണയായി. കേരളത്തിലെ പാര്‍ട്ടി, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ പരാജയത്തെ തുടര്‍ന്ന് തിരക്കിട്ട ചര്‍ച്ചകളാണ് കേരളത്തിലും കേന്ദ്രത്തിലും നടക്കുന്നത്. എന്നാല്‍ ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ പൊതുവെയുള്ള വികാരം.

വിഡി സതീശനാകും പ്രതിപക്ഷനേതാവാകുക എന്നാണ് സൂചന. അതേ സമയം, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയില്ലെന്ന് ആവര്‍ത്തിച്ച മുല്ലപ്പള്ളിക്കും സ്ഥാനം ഒഴിയേണ്ടി വരും. കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നാണ് പൊതുവേയുള്ള വികാരം. മുമ്പ് കെപിസിസി അധ്യക്ഷനെന്ന നിലയില്‍ കഴിവ് തെളിയിച്ച കെ.മുരളീധരന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പരാജയം വലിയ പാഠമായി കാണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കേരള പരാജയത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിലെ ഗ്രൂപ്പ് വഴക്കും യോജിപ്പില്ലായ്മയും പരാജയത്തിന്റെ പ്രകടമായ കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here