പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷനിലാണ് മുഖ്യമന്ത്രി മറുപടി.
532 കോടി രൂപയുടെ തട്ടിപ്പ് കേസ് സി ബി ഐയുടെ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. 30.9. 2021 ന് ലഭിച്ച കത്തിലെ വിവരങ്ങള്‍ പ്രകാരം 15 വാഹനമടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കണ്ടുകെട്ടിയ ഭൂസ്വത്തുക്കളുടെ കൂടുതല്‍ വിവരം പിന്നാലെ അറിയിക്കുമെന്നും കത്തില്‍ പറയുന്നതായും മുഖ്യമന്ത്രി അറിയിച്ചു. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി വസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സി ബി ഐയ്ക്ക് കൈമാറിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓരോ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതിയെ ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളായി ഡെസിഗ്നേറ്റ് ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമത്രി വ്യക്തമാക്കി.