ചെന്നൈ:സിമിമയെ വെല്ലുന്ന രംഗങ്ങളുംമായി തമിഴ്നാട്ടില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി നടന്ന ഏറ്റമുട്ടലിനിടയില്‍ പോലീസും എത്തിയതോടെ രംഗം കൊഴുത്തു.
ആറു വര്‍ഷം മുന്‍പു നടന്ന കൊലപാതകക്കേസിലെ പ്രതിയുടെ തല ഗുണ്ടാ സംഘം വെട്ടിയെടുത്തു. കൊല്ലപ്പെട്ടയാള്ക്കുള്ള ‘പ്രതികാരാജ്ഞലിയായി’ വെട്ടിയെടുത്ത തല അയാളുടെ വീടിനു മുന്നില്‍ വച്ചു. പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെതിരെ തിരിഞ്ഞ ഗുണ്ടാ സംഘ നേതാവിനെ വെടിവച്ചു കൊന്നു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്റുട്ടിക്കു സമീപം പുതുപ്പേട്ടയിലാണു സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്.
കൊലപാതകമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ വീരരംഗന്‍ (31) ആണു വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിനു നേതൃത്വം നല്കിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് കൃഷ്ണ (31) പൊലീസിന്റെ വെടിയേറ്റു മരിച്ചു. പ്രതികാര കഥ പൂര്‍ത്തിയാകണമെങ്കില്‍ അല്പം ഫ്ലാഷ് ബാക്ക് വേണം:
കൃഷ്ണയുടെ അടുത്ത സുഹൃത്തും ബന്ധുവുമായിരുന്ന സതീഷ് കുമാര്‍ 2014-ല്‍ കൊല്ലപ്പെട്ടു. വീരരംഗന്റെ നേതൃത്വത്തിലുള്ള സംഘമാണു സതീഷ് കുമാറിനെ കൊന്നത്.
മാസങ്ങള്‍ക്കു മുന്‍പ് വിവാഹം കഴിച്ച വീരരംഗന്‍ കടലൂരില്‍ ജ്യൂസ് കട നടത്തുകയാണിപ്പോള്‍. കടയില്‍ നിന്നു മടങ്ങുന്നതിനിടെ കൃഷ്ണയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തല വെട്ടിയെടുത്തു സതീഷ് കുമാറിന്റെ വീടിനു മുന്നില്‍ കൊണ്ടുവച്ചു.
സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ പിടികൂടി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനായി കുമുടിയന്‍കുപ്പത്ത് എത്തിച്ചപ്പോള്‍ കൃഷ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ ദീപനെ അക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി പൊലീസ് നടത്തിയ വെടിവയ്പ്പില്‍ കൃഷ്ണ കൊല്ലപ്പെടുകയായിരുന്നുവെന്നാണു പൊലീസിന്റെ വാദം.