Home KERALA അനുമതി വാങ്ങിയില്ല; പോലീസിന്റെ കോവിഡ്- ലോക്ക്ഡൗണ്‍ വീഡിയോകള്‍ക്ക് നിയന്ത്രണവുമായി ഡി.ജി.പി.

അനുമതി വാങ്ങിയില്ല; പോലീസിന്റെ കോവിഡ്- ലോക്ക്ഡൗണ്‍ വീഡിയോകള്‍ക്ക് നിയന്ത്രണവുമായി ഡി.ജി.പി.

തിരുവനന്തപുരം: കോവിഡ് ബോധവകരണത്തിന്റെ ഭാഗമായി പോലീസ് പുറത്തിറക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡി.ജി.പി. ലോക്നാഥ് ബെഹ്റ. കോവിഡ്-19 ഡ്യൂട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡി.ജി.പി. പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. വീഡിയോകള്‍ ചെയ്യാന്‍ സിനിമാ താരങ്ങളെ നിര്‍ബന്ധിക്കരുതെന്നും ഡി.ജി.പി. ഉത്തരവിട്ടിട്ടുണ്ട്.

വീഡിയോകള്‍ ചെയ്യാന്‍ സിനിമാതാരങ്ങളെ അടക്കം നിര്‍ബന്ധിക്കുന്നത് അവസാനിപ്പിക്കണം. ജോലിസംബന്ധമായ ബോധവത്കരണ വീഡിയോകള്‍ യൂണിറ്റ് മേധാവികളുടെ അനുമതിയോടെ നിര്‍മിക്കാം. പ്രത്യേക ചിത്രീകരണം ആവശ്യമായ വീഡിയോകള്‍ക്ക് ഡി.ജി.പിയുടെയോ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെയോ അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കോവിഡും ലോക്ക്ഡൗണും മുന്‍നിര്‍ത്തി പോലീസിലെ സോഷ്യല്‍മീഡിയ സെല്ലും ഇന്‍ഫര്‍മേഷന്‍ സെന്ററും നിരവധി ബോധവത്കരണ വീഡിയോകള്‍ പുറത്തിറക്കുകയും ഇവ വൈറലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ജില്ലകള്‍ തോറും വ്യാപകമായി ഹൃസ്വ വീഡിയോകള്‍ പുറത്തിറക്കി. പ്രത്യേകിച്ച് അനുമതി പോലും വാങ്ങാതെ സിനിമാതാരങ്ങളെ അടക്കം മത്സരിച്ച് രംഗത്തിറക്കുന്ന പ്രവണതയും ഉണ്ടായി.

ഇതോടെയാണ് വീഡിയോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ഡി.ജി.പി. സര്‍ക്കുലര്‍ പുറത്തിറക്കിയത്. വീഡിയോ നിര്‍മാണം പരിമിതപ്പെടുത്തി കോവിഡ് ഡ്യൂട്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പോലീസുകാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here