ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. ‘ആത്മനിര്‍ഭര്‍ അഭിയാന്’ എന്നാണ് സാമ്പത്തിക പാക്കേജിന്റെ പേര്.
സ്വയം പര്യാപ്ത എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ ഈ സാമ്പത്തിക പാക്കേജ് നടപ്പിലാക്കുന്നതിലൂടെ സാധിക്കും. ചെറുകിട വ്യവസായങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മധ്യവര്‍ഗം എന്നിവര്‍ക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കും. പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ പ്രഖ്യാപിക്കും. സാമ്പത്തിക പരിഷ്കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. എല്ലാ തൊഴില്‍ മേഖലകള്‍ക്കും നേട്ടമുണ്ടാകും. ആഗോള മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് 19 നെതിരായ പരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ ഏറെക്കാലം നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൊറോണയുടെ പേരില്‍ ജീവിതത്തിലെ ചുരുക്കാന്‍ നമുക്ക് സാധിക്കില്ല. പക്ഷെ നമ്മള് മാസ്ക് ധരിക്കും, സാമൂഹിക അകലം പാലിക്കും. അങ്ങനെ രോഗബാധയുണ്ടാവുന്നത് തടയും.
അതിനാല്‍ പുതിയ രീതിയിലാവും നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പിലാക്കുക. സംസ്ഥാനങ്ങള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മെയ് 18 മുതല്‍ പുതിയ രീതിയില്‍ ലോക്ക് ഡൗണ്‍ ആരംഭിക്കും. കൊറോണയെ പ്രതിരോധിച്ചുകൊണ്ട് നാം മുന്നോട്ട് തന്നെ പോവും.
കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. കുറച്ച് എന്‍ 95 മാസ്കുകള്‍ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എന്‍ 95 മാസ്കുകളും ദിവസേന ഉണ്ടാക്കുന്നു.
പ്രാദേശികം എന്നതിന് നാം ഊന്നല്‍ നല്‍കണം എന്നാണ് ഈ കാലം നമ്മെ പഠിപ്പിക്കുന്നത്. ആഗോള ബ്രാന്‍ഡുകളെല്ലാം ഒരു ഘട്ടത്തില്‍ പ്രാദേശികമായിരുന്നു. ആളുകള്‍ അവയെ പിന്തുണയ്ക്കാന്‍ ആരംഭിച്ചപ്പോള്‍ അത് ആഗോളമായി. അതുകൊണ്ട് ഇന്ന് മുതല്‍ എല്ലാ പൗരന്മാരും പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണം, അവയെ പിന്തുണയ്ക്കണം.