കൊച്ചി: രണ്ടില ചിഹ്നത്തിന്റെ അവകാശം ഹൈക്കോടതി ഡിവിഷന് ബെഞ്ച് കൂടി നിരസിച്ചതോടെ പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍ പരിഗണനയിലെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം. നീതി തേടിയുള്ള നിയമ യുദ്ധം തുടരുന്നതിനാണ് തീരുമാനമെന്ന് മോന്‍സ് ജോസഫ് പ്രതികരിച്ചു.
കെ.എം.മാണിയുടെ മരണ ശേഷം ഭരണഘടനാ അനുസൃതമായും സംഘടനാപരമായും മുന്നോട്ടു പോകുന്നതിന് നീതി ലഭിക്കണമെന്നായിരുന്നു ഹൈക്കോടതിയിലും തിരഞ്ഞെടുപ്പു കമ്മിഷനിലും ആവശ്യപ്പെട്ടത്. അത് നിരസിക്കപ്പെട്ട സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം പാര്‍ട്ടി അധ്യക്ഷന്‍ പി.ജെ. ജോസഫുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഴയ ജോസഫ് ഗ്രൂപ്പ് പുനഃസ്ഥാപിക്കുന്നത് ആലോചിക്കുമെങ്കിലും പഴയ ജോസഫ് ഗ്രൂപ്പ് മാത്രമല്ല, ഇപ്പോള്‍ പി.ജെ.ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ്. കെ.എം.മാണിയുടെ കൂടെ നിന്ന വലിയൊരു വിഭാഗം ആളുകള്‍ കേരള കോണ്‍ഗ്രസ് (എം) എന്ന നിലയില്‍ ഒപ്പം നില്‍ക്കുകയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരള കോണ്‍ഗ്രസിന്റെ നേതാക്കളുടെ വലിയൊരു നിര ഒപ്പമുണ്ട്. ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍നിന്നു വന്നവരുമുണ്ട്. അതുകൊണ്ടു തന്നെ പുതിയൊരു പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യുന്നത് പരിഗണനയിലാണ്.
ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് പി.ജെ. ജോസഫ് ഇന്ന് ആലോചനാ യോഗം വിളിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം അടിയന്തര നേതൃയോഗം ചേരും. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് (ജെ), കേരള കോണ്‍ഗ്രസ് എം(ജെ) തുടങ്ങിയ പേരുകള്‍ പരിഗണനയിലുണ്ടെന്നുമാണ് നേതാക്കളില്‍നിന്നു ലഭിക്കുന്ന വിവരം.