Home Uncategorized മോഷണ കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും അധിക്ഷേപിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

മോഷണ കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും അധിക്ഷേപിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. പിങ്ക് പോലീസ് സ്‌ക്വാഡിലെ ഓഫീസറായ സി.പി. രജിതയെയാണ് ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയത്. രജിത 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഡിവൈ.എസ്.പി. സുനീഷ്ബാബു സംഭവത്തില്‍ അന്വേഷണം നടത്തി റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. കുറ്റാരോപിതരായവര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ രജിത അച്ഛനോടും മകളോടും ക്ഷമ ചോദിക്കണമായിരുന്നു. എന്നാല്‍, അത് സംഭവിച്ചിട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞദിവസമാണ് തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമ൦ നടന്നത്.

ഇവര്‍ തന്റെ മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഓഫീസറായ രജിത ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. പിങ്ക് പോലീസിന്റെ കാറിനടുതതായി നിന്ന ജയചന്ദ്രനോട് പോലീസുകാരി ഫോണ്‍ തരാന്‍ ആവശ്യപ്പെടുകയായിരുന്നു. മോഷ്ടിച്ചിട്ടില്ലെന്നു ജയചന്ദ്രൻ ആവർത്തിച്ച് പറഞ്ഞെങ്കിലും വിശ്വസിക്കാതെ ഒപ്പമുണ്ടായിരുന്ന മകളെയും ഇവര്‍ അധിക്ഷേപിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതോടെ പെണ്‍ക്കുട്ടി ഉറക്കെ കരഞ്ഞു. ഇതോടെ കാറിന് ചുറ്റും ആളുകള്‍ തടിച്ചുകൂടി.

ഇതിനിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരി മോഷണം പോയെന്ന് പറയപ്പെടുന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്ത ഫോൺ കാറിനുള്ളിലെ ബാഗിൽ നിന്നു തന്നെ കണ്ടെടുക്കുകയായിരുന്നു. ഇതോടെ, നാട്ടുകാര്‍ പോലീസ് നടപടിയെ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here