കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാല്പതാം വിവാഹ വാര്‍ഷികം. 1979ല്‍ ഇതേ ദിവസമായിരുന്നു കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പിണറായി വിജയന്റെയും തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂള്‍ അധ്യാപിക കമലയുടെയും വിവാഹം.
1979 സെപ്തംബര്‍ 2നാണ് വടകര ഒഞ്ചിയത്തെ തൈക്കണ്ടിയില്‍ കമലയെ പിണറായി വിജയന് ജീവിത സഖിയാക്കുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയില്‍വാസത്തിനും കൊടിയ പീഡനങ്ങള്‍ക്കും ശേഷം പുറത്തിറങ്ങി രണ്ടര വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം.
അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി, മര്‍ദ്ദനത്തിന്റെ ചോര പുരണ്ട ഷര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പരിവേഷത്തിലായിരുന്നു പിണറായി. കൂത്തുപറമ്പ് എംഎല്‍എയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു അന്ന് അദ്ദേഹം. കമല തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂള്‍ അദ്ധ്യാപികയും. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയന്‍ ഗോവിന്ദന്റ പേരിലായിരുന്നു കല്യാണക്കുറി ഇറങ്ങിയത്. തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന വിവാഹത്തില്‍ അതിഥികള്‍ക്ക് നല്‍കിയത് ചായയും ബിസ്കറ്റും. മുഖ്യകാര്‍മ്മികന്‍ മുന്‍ മുഖ്യമന്ത്രി ഇകെ നായനാരും. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. എംവി രാഘവന് ഉള്‍പ്പെടെ അന്നത്തെ സിപിഐഎം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.
വിവാഹ വാര്‍ഷികങ്ങളോ പിറന്നാളുകളോ തങ്ങള്‍ ആഘോഷിക്കാറില്ലെന്നും വിവരം പലരും പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നതെന്നും കമല പറയുന്നു. ”ഇന്നത്തെ ദിവസവും സാധാരണ പോലെ തന്നെ. ആരൊക്കെയോ വിളിച്ച് ആശംസകള്‍ അറിയിച്ചപ്പോഴാണ് നാല്പതാം വിവാഹ വാര്‍ഷികമാണെന്ന ഓര്‍മ്മ വന്നത്. ഞങ്ങള്‍ക്ക് ആഘോഷങ്ങളില്ല. വിജയേട്ടന് കണ്ണൂരിലും ഞാന്‍ തിരുവനന്തപുരത്തും. മക്കള്‍ രണ്ടു പേരും നാട്ടിലില്ല. വിജയേട്ടന് ആഘോഷങ്ങളോടൊന്നും വലിയ താത്പര്യം കാണിക്കുന്ന പ്രകൃതക്കാരനല്ല. പ്രളയം പോലെ നടുക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ആഘോഷത്തിനും പ്രസക്തിയില്ലല്ലോ”.- മുഖ്യമന്ത്രിയുടെ ജീവിത സഖി കമല പറയുന്നു.