Home KERALA ചില വികൃതമനസ്സുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകു ഒരുപാട് പാവപ്പെട്ട ആളുകള്‍ നാട്ടിലുണ്ടെന്നും അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഷാജി...

ചില വികൃതമനസ്സുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകു ഒരുപാട് പാവപ്പെട്ട ആളുകള്‍ നാട്ടിലുണ്ടെന്നും അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഷാജി ശ്രമിക്കുന്നത് എന്തിനാണ്; കെ.എം ഷാജി എം.എല്‍.എ യെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയെ പരിഹസിച്ച് മുസ്ലീം ലീഗ് എം.എല്‍.എ കെ.എം.ഷാജി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന വാചകമല്ല ഒരു എംഎല്‍എ ആയ ഷാജിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി പാവപ്പെട്ട കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

കെ.എം.ഷാജി ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ആരാഞ്ഞ മുഖ്യമന്ത്രി ഷാജിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പത്രസമ്മേളനത്തില്‍ വായിക്കുകയും ചെയ്തു. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിക്കുന്ന കാര്യമാണോ ഈ വാചകങ്ങള്‍ എന്നുചോദിച്ച മുഖ്യമന്ത്രി തനിക്കിത് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

‘നമ്മുടെ സംസ്ഥാനത്ത് എംഎല്‍എ ആയിരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരമൊരു വാചകം വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല. കെ.എം ഷാജി, എംഎല്‍എ ആയിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടുമെന്നുള്ളത് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സാധിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് കെ.എം.ഷാജിയുടെ പാര്‍ട്ടി പൂര്‍ണമായി സഹകരിച്ചു നില്‍ക്കുകയാണ്. ഇന്നലെ പോലും സംസ്ഥാനത്തെ ആകെയുള്ള ആംബുലന്‍സുകളുടെ എണ്ണം അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചു.’

ഇത്തരമൊരു ഘട്ടത്തില്‍ ഇതുപോലൊരു കാര്യം, ശുദ്ധനുണ നുണ പറയാന്‍ ഷാജിക്ക് എങ്ങനെ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണോ വക്കീലിന് പണം കൊടുക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി സാങ്കേതിക കാര്യങ്ങള്‍ അറിയാത്ത ഒരുപാട് പാവപ്പെട്ട ആളുകള്‍ നാട്ടിലുണ്ടെന്നും അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഷാജി ശ്രമിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.

‘എന്തിനാണ് ഇങ്ങനെ ഒരു നുണ അവതരിപ്പിക്കുന്നത്. എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത്. പാവപ്പെട്ട ഒരുപാട് ആളുകള്‍ക്ക് നാട്ടില്‍ ഉണ്ട് , സാങ്കേതിക കാര്യങ്ങള്‍ മനസ്സിലാകാത്ത ആള്‍ക്കാര്‍, എന്താണ് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധി, എങ്ങനെയാണ് വക്കീലിന് ഫീസ് കൊടുക്കുന്നത് എന്നതൊക്കെ അറിയാത്ത ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണോ വേണ്ടത്. അതല്ലേ ഇതിലുണ്ടായത്?’ മുഖ്യമന്ത്രി ചോദിച്ചു.

ഇത്തരമൊരു നിലപാട് എന്തുകൊണ്ട് കെ.എം.ഷാജി എടുത്തുവെന്നത് മുസ്ലീംലീഗ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇത്തരമൊരു ഘട്ടത്തില്‍ ഇങ്ങനെ ഒരു നിലപാടാണോ എടുക്കേണ്ടത്. അതുപോലെ ചില സമീപനങ്ങളുണ്ട് ചില വികൃതമനസ്സുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. ഇങ്ങനെ എന്തെങ്കിലും ഗ്വാ ഗ്വാ ശബ്ദമുണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ലെ’ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കോവിഡ് 19നെ ഒന്നിച്ചുനേരിടാന്‍ നമുക്കു കഴിയും. നമുക്കിതിനെ ഒന്നിച്ചുനേരിടാന്‍ കഴിയും ഒന്നിച്ചുതന്നെ അതിജീവിക്കാന്‍ കഴിയും അതുമാത്രമാണ് എനിക്ക് പറയാനുള്ളത്.’- മുഖ്യമന്ത്രി പറഞ്ഞു

കെ.എം.ഷാജിയുടെ പോസ്റ്റ്

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടിയന്തിരമായും മഹല്ലു കമ്മിറ്റികള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട് ; ഇആക ക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന്
എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ

നേരത്തെ നിങ്ങള്‍ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂര്‍ , കൃപേശ് , ശരത്ത് ലാല്‍ ഷുഹൈബ് കേസില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാന്‍ നമുക്കു പറ്റി!

അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സര്‍ക്കാര്‍ ഫണ്ടിലേക്ക് തരണം
മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോള്‍ ‘എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര’ എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാന്‍

LEAVE A REPLY

Please enter your comment!
Please enter your name here