Home Top News സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു: സര്‍വേ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അലംഭാവം അരുത്; മുഖ്യമന്ത്രി...

സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു: സര്‍വേ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അലംഭാവം അരുത്; മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം: സര്‍ക്കാരിനെ നേരിടാനാകാതെ പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പോരാട്ടമാണ്. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അത് കണക്കിലെടുത്ത് അലംഭാവം കാട്ടരുത്. ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ കാണണം എന്നാണ് എല്‍ ഡി എഫ് പ്രവത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. നമുക്ക് എതിരായ നിലപാട് കൈക്കൊള്ളുന്ന ആളുകള്‍ക്ക് പോലും ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ടി വരുന്നു എന്നതും സര്‍വേ ഫലത്തില്‍ പറയേണ്ടിവരുന്നു” -മുഖ്യമന്ത്രി പറഞ്ഞു.

വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് ഇതുവരെ പര്യടനം നടത്തിയത്. ഇത്തവണ വയനാട് മുതല്‍ക്കേ വലിയ ജനാവലിയാണ് എത്തുന്നത്. എല്‍ഡിഎഫ് കൂടുതല്‍ ജനാവിഭാഗങ്ങളിലേക്ക് വ്യാപിച്ചു. എല്‍ഡി എഫിനൊപ്പം കൂടുതല്‍ പേര്‍ അണിനിരക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. പ്രതിസന്ധികള്‍ അനവധി നേരിടേണ്ടി വന്നിട്ടും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായി. ഇതില്‍ കേരളീയ സമൂഹം സന്തുഷ്ടരാണ്. ഇതിനെ നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ പ്രതിപക്ഷം വലിയ തോതില്‍ നുണ പ്രചരണം നടത്തുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ആണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്.

സാധാരണ ഗതിയില്‍ വിജയിക്കാന്‍ പറ്റാത്ത പ്രതിസന്ധികളെയാണ് സംസ്ഥാനം നേരിട്ടത്. ഓഖിയും നിപയും നൂറ്റാണ്ടിലെ വലിയ പ്രളയവും തൊട്ടുപിന്നാലെ വന്ന കാലവര്‍ഷക്കെടുതിയും അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനൊന്നും പ്രത്യേക ഇടവേളകളുണ്ടായില്ല. ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങള്‍ പ്രതീക്ഷിച്ച രീതിയിലുള്ള വികസനം നാട്ടില്‍ നടന്നു.

ഈ പ്രതിസന്ധികളെയെല്ലാം ജനങ്ങളെ ഒന്നിച്ചുനിര്‍ത്തി നാടിന്റെ ഐക്യത്തോടെയും ഒരുമയോടെയും നേരിടാനായി. വികസന കാര്യങ്ങളില്‍ പുറകോട്ട് പോയില്ല. അതേസമയം ജനക്ഷേമകരമായ കാര്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. ഇത്തരം ഒരു ഘട്ടത്തില്‍ ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്ത സര്‍ക്കാരാണെന്ന പൂര്‍ണ ബോധ്യത്തോടെയാണ് ജനങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്.

ഇതിനെ നേരിടാന്‍ പ്രതിപക്ഷമെന്ന നിലയ്ക്ക് കോണ്‍ഗ്രസിനും യുഡിഎഫിനും ബിജെപിക്കോ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. അതുകൊണ്ട് അവര്‍ വലിയ തോതിലുള്ള നുണക്കഥകളെയാണ് ആശ്രയിക്കുന്നത്. അതിന്റെ ഭാഗമായി ഒരു പാട് കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിര്‍ഭാഗ്യവശാല്‍ വസ്തുതകള്‍ കൃത്യമായി അവതരിപ്പിക്കേണ്ട മാധ്യമങ്ങളില്‍ ചിലത് ഈ രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമായി പ്രതിപക്ഷത്തിന്റെ പ്രചരണം ഏറ്റെടുക്കുന്ന സ്ഥിതിയാണ്. ഉദാഹരണമായി പി.എസ്.സി വഴിയുള്ള നിയമനം. പി.എസ്.സി മുഖേന കേരളത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് നിയമനം ആണ് നടന്നത്.

1,46,587 നിയമനങ്ങള്‍ നടന്നിരിക്കുന്നു. പക്ഷേ ഇതിനെ എങ്ങനെ ഇകഴ്ത്തിക്കാണിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി തെറ്റായ കണക്കുകള്‍ പ്രചരിപ്പിക്കുന്നു. 95,196 പേര്‍ക്ക് മാത്രമെ പി.എസ്.സി നിയമനം നല്‍കിയുള്ളു എന്നാണ് നുണ പ്രചാരണം. ആ നുണ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കേരള സര്‍ക്കാരിന്റെ ശമ്പള വിതരണ സോഫ്റ്റ് വെയറാണ് സ്പാര്‍ക്ക്. അതിലുള്ള പുതിയ രജിസ്ട്രേഷനുകളുടെ എണ്ണം വെച്ചുകൊണ്ട് ഇത്തരം പ്രചാരണം. എന്നാല്‍ സ്പാര്‍ക്ക് വഴിയല്ല എല്ല ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കുന്നത്-മുഖ്യമന്ത്രി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here