പിണറായി രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ച് നടക്കും. അമ്പതിനായിരം പേര് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തിരവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ വച്ചല്ല മറിച്ച് പരിമിതമായ തോതില്‍ ചടങ്ങ് നടത്താനാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
500 എന്നത് വലിയ സംഖ്യ അല്ല. 140 എംഎല്‍എമാരുണ്ട്. 29 എംപിമാരുണ്ട്. നിയമസഭാ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമായ കാര്യമല്ല. ജനാധിപത്യത്തിന്റെ തൂണുകളാണ് ലെജിസ്ലേറ്ററും എക്സിക്യൂട്ടീവും ജുഡീഷ്യറിയും. ഈ സാഹചര്യത്തിലാണ് ന്യായാധിപന്മാരെയും ഉദ്യോഗസ്ഥരെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെയും ഒഴിവാക്കാന്‍ ആകില്ല. മൂന്ന് കോടി ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്ന പ്രാരംഭഘട്ടത്തിലെ ചടങ്ങില്‍ ഇത് അധികമല്ലെന്നാണ് കാണുന്നത്. അസാധാരണ സാഹചര്യമായതിനാലാണ് സംഖ്യ ചുരുക്കിയത്.
ഭരണഘടനാ പദവി വഹിക്കുന്നവര്‍, പ്രോട്ടോക്കോള്‍ പ്രകാരം അനിവാര്യമായവര്‍, വിവിധ ധാരാ പ്രതിനിധികള്‍ എന്നിവരാണ് നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍. അവര്‍ മാത്രമാണ് ഈ ചടങ്ങില്‍ ഉണ്ടാകുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സത്യപ്രതിജ്ഞ നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.