ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോർഡുകൾ എന്നിവ നടത്തുന്ന ഓഫ്ലൈൻ പരീക്ഷകൾക്ക് എതിരായ ഹർജി നാളെ പരിഗണിക്കാൻ സുപ്രീം കോടതി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
കോവിഡ് മഹാമാരിയെ തുടർന്ന് ക്ലാസുകൾ മുടങ്ങിയതിനാൽ സിലബസ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് പദ്മനാഭൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഓഫ്ലൈൻ പരീക്ഷ പ്രായോഗികമല്ലെന്നാണ് ഹർജിക്കാരുടെ വാദം.
കഴിഞ്ഞ അധ്യയന വർഷത്തിൽ ഓഫ്ലൈൻ പരീക്ഷ റദ്ദാക്കി മൂല്യനിർണയത്തിന് പ്രത്യേക സ്കീം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വർഷവും സമാനമായ ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടാകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനുഭ ശ്രീവാസ്തവ സഹായ് ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.