Home KERALA വെടിവെക്കാനുളള ഉത്തരവ് കടുവാ അറിഞ്ഞിരിക്കും; വെടിവെച്ചായാലും വീഴ്ത്താനുളള ഉത്തരവുമായി കടുവായെ തേടിയിറങ്ങിയ വനം വകുപ്പിനെ...

വെടിവെക്കാനുളള ഉത്തരവ് കടുവാ അറിഞ്ഞിരിക്കും; വെടിവെച്ചായാലും വീഴ്ത്താനുളള ഉത്തരവുമായി കടുവായെ തേടിയിറങ്ങിയ വനം വകുപ്പിനെ പറ്റിച്ച് നരഭോജി കടുവ; കാടും മേടും അരിച്ചു പറക്കിയിട്ടും കടുവായെ കണ്ടെത്താനായില്ല; പത്തനംതിട്ടയിലെ നരഭോജി കടുവാ കാടുകയറിയതായി നിഗമനം; 400 ഹെക്ടര്‍ അരിച്ചുപെറുക്കിയിട്ടും കടുവയുടെ പൊടിപോലും കിട്ടിയില്ല

പത്തനംതിട്ട: വെടിവെച്ചായാലും വീഴ്ത്താനുളള ഉത്തരവുമായി കടുവായെ തേടിയിറങ്ങിയ വനം വകുപ്പിനെ പറ്റിച്ച് നരഭോജി കടുവ. കാടും മേടും അരിച്ചു പറക്കിയിട്ടും കടുവായുടെ പൊടിപാലും കണ്ടെത്താനായില്ല.
കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്ന വനമേഖല അടക്കമുള്ള പ്രദേശങ്ങള്‍ ഇന്നലെ വനപാലകരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. ഒന്നും കണ്ടെത്താനായില്ല. ഇതോടെ കടുവ കാടുകയറിയതാകാമെന്ന നിഗമനത്തിലേക്ക് വനംവകുപ്പ് അധികൃര്‍.

കടുവയെ ആദ്യം കണ്ട തണ്ണിത്തോട് മേടപ്പാറ മുതല്‍ മണിയാര്‍ വരെയുള്ള 400 ഹെക്ടര്‍ സ്ഥലത്തായിരുന്നു തിരച്ചില്‍. രാവിലെ 10.30ന് ആരംഭിച്ച പരിശോധന വൈകുന്നേരമാണ് പൂര്‍ത്തിയായത്.
22 സംഘങ്ങളായി നടത്തിയ തിരച്ചിലില്‍ അഞ്ചല്‍, റാന്നി റാപ്പിഡ് റെസ്‌പോണ്‍സ് ടീം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പടിഞ്ഞാറ് ഡിവിഷന്‍, കുളത്തൂപ്പുഴ, തെന്മല, എരുമേലി, കോന്നി, റാന്നി, വടശേരിക്കര, ഗൂഡ്രിക്കല്‍ റേഞ്ചുകള്‍, അച്ചന്‍കോവില്‍ ഡിവിഷന്‍ എന്നിവിടങ്ങളില്‍ നിന്നായി 91 വനപാലകരാണ് പങ്കെടുത്തത്.

വയനാട്ടില്‍ നിന്ന് എത്തിയ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘവും പൊലീസില്‍ നിന്നുള്ള 4 ഷാര്‍പ് ഷൂട്ടര്‍മാരും തേക്കടിയില്‍ നിന്ന് എത്തിയ 4 ക്യാമറാ പരിശോധകരും ഒപ്പമുണ്ടായിരുന്നു.
ഞായറാഴ്ച വെളുപ്പിന് 3.45ന് പേഴുംപാറ – 10ാം ബ്ലോക്ക് റോഡില്‍ തയ്യില്‍പടിക്കു സമീപം കടുവയെ കണ്ടതായി സ്ഥലവാസിയായ അബ്ദുല്‍ ഹസീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധസംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കാല്‍പാടുകള്‍ അടക്കം ഒന്നും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് കണ്ടത് കടുവയെ അല്ലെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

കടുവയെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. മയക്കുവെടിവെച്ച് കടുവയെ പിടികൂടാനാണ് വനം വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. തോട്ടങ്ങളിലെ കാട് തെളിക്കുന്നതും കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ വനം മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ കോന്നി ഡി.എഫ്.ഒയുടെ ബംഗ്ലാവില്‍ യോഗം ചേര്‍ന്ന ശേഷമാണ് കൂടുതല്‍ തീരുമാനം കൈക്കൊണ്ടത്.
കടുവയുടെ ആക്രമണത്തില്‍ രണ്ടാഴ്ച മുമ്പ് തോട്ടം തൊഴിലാളിക്ക് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ പലരും കടുവയെ കണ്ടിട്ടുണ്ട്. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.

പുറത്തിറങ്ങാന്‍ ആവാത്ത വിധത്തില്‍ ഭീതിയാണ് എങ്ങും രൂപം കൊണ്ടിരിക്കുന്നത്. അതിനിടെ, കടുവയെ പിടിക്കാന്‍ വനംവകുപ്പ് കൊണ്ടുവന്ന കുങ്കി ആന കഴിഞ്ഞദിവസം ‘ഇടഞ്ഞു’. അടിയേറ്റ് പാപ്പാന്‍ പറമ്പിക്കുളം എം. മുരുകന്‍ പരിക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ആനപ്പുറത്തു കയറാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട് കൊമ്പുകൊണ്ട് കോരിയെറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കടുവയെ പിടിക്കാനുള്ള ശ്രമത്തില്‍ മയക്കുവെടി വെക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. കുങ്കിയാനയുടെ പുറത്തിരുന്ന് മയക്കുവെടി വെക്കനും കൂടുകളിലാക്കാനും തീരുമാനിച്ചിരുന്നു.

കടുവയെ കണ്ടാല്‍ ഷാര്‍പ് ഷൂട്ടറുടെ സഹായത്തോടെ വെടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഫോഴ്‌സിനെ അനുവദിക്കും. കാട് വളര്‍ന്നുനില്‍ക്കുന്നതിനാല്‍ വന്യജീവികള്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന കാടു വെട്ടിമാറ്റാന്‍ തീരുമാനമായി. ജനവാസ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിലെ കാട് പൂര്‍ണമായും വെട്ടിമാറ്റണം..ഇന്ന് റാന്നി ഡിവിഷനിലെ വനപാലകരുടെ നേതൃത്വത്തില്‍ പരിശോധന നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here