കൊച്ചി: സമുദ്രസേതു ദൗത്യത്തിലൂടെ മാലിയില്‍നിന്ന് ഇന്നു രാവിലെ കേരളത്തിലെത്തിയ ഗര്‍ഭിണി കുഞ്ഞിന് ജന്മം നല്കി. പത്തനംതിട്ട സ്വദേശിനി സോണിയ ജേക്കബാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഷിജോയാണ് സോണിയയുടെ ഭര്‍ത്താവ്. മാലിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു സോണിയ.
ഐ.എന്‍.എസ്. ജലാശ്വയില്‍ മാലിയില്‍നിന്ന് വരുമ്പോള്‍ തന്നെ സോണിയക്ക് പ്രസവ വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കപ്പല്‍ കൊച്ചിയില്‍ എത്തിയ ഉടനെ സോണിയയെ മട്ടാഞ്ചേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജലാശ്വയില്‍ 698 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 440 പേര് മലയാളികളായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ മാലദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്.