Home POLITICS പന്തളം പ്രതാപന്റെ ബിജെപി പ്രവേശനം;സംഘപരിപാവരവുമായി നേരത്തെ പ്രതാപന്‍ ധാരണയുണ്ടാക്കിയിരുന്നതായി സിപിഎം; സഹോദരന്റെ ബിജെപി...

പന്തളം പ്രതാപന്റെ ബിജെപി പ്രവേശനം;സംഘപരിപാവരവുമായി നേരത്തെ പ്രതാപന്‍ ധാരണയുണ്ടാക്കിയിരുന്നതായി സിപിഎം; സഹോദരന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് പന്തളം സുധാകരനും

 

പത്തനംതിട്ട: പന്തളം പ്രതാപന്റെ ബിജെപി പ്രവേശനത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം. പന്തളം നഗര സഭാ ഭരണം സംഘപരിവാരത്തിനേല്‍പ്പിച്ചു നല്‍കാന്‍ പന്തളം പ്രതാപന്‍ നേരത്തെ ശ്രമിച്ചതായി സിപിഎമ്മും ആരോപണം ഉയര്‍ത്തുന്നു.

ശനിയാഴ്ചവരെ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന അഡ്വ. പന്തളം പ്രതാപന്റെ ബി.ജെ.പി. പ്രവേശനം കോണ്‍ഗ്രസിന് തിരിച്ചടിയാകാനുളളസാധ്യത ഏറെയാണ് ഞായറാഴ്ച തിരുവനന്തപുരത്ത് അമിത്ഷാ പങ്കെടുത്ത യോഗത്തിലാണ് പന്തളം പ്രതാപന്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിയത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ അനുജനാണ് പന്തളം പ്രതാപന്‍.
സഹോദരന്‍ പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് മുന്‍മന്ത്രി പന്തളം സുധാകരനും രംഗത്തെത്തി.
അതീവ ഹൃദയ വേദനയോടെയാണ് ഇത് കുറിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെയൊരു മാറ്റത്തിന്റെ വിദൂര സൂചനയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു.

പരിചിതരും അപരിചിതരും അമര്‍ഷത്തോടെയും ഖേദത്തോടെയും സംശയത്തോടെയും വേദനയോടെയും വിളിക്കുന്നു. മറുപടി പറഞ്ഞു തളരുന്നു.
ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോയെന്ന് പന്തളം സുധാകരന്‍ പറഞ്ഞു. ഇന്നലെ ബിജെപിയുടെ വിജയയാത്രയുടെ സമാപന ചടങ്ങിലാണ് പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രതാപന്റെ ബിജെപി പ്രവേശനത്തില്‍ ശക്തമായി പ്രതികരിച്ച് സിപിഎമ്മും രംഗത്ത് എത്തി. സിപിഎം പന്തളം ഏരിയാ സെക്രട്ടറി പിബി ഹര്‍ഷകുമാര്‍ ഫെയസ്ബുക്കില്‍ ഇങ്ങനെ പ്രതികരിച്ചു….
പ്രതാപന്റെ ബിജെപി പ്രവേശം,അതിലാര്‍ക്കാണിത്ര അതിശയം.,, ആരാണടുത്തത് എന്നു മാത്രം നോക്കിയിരിക്കാം.,,,പന്തളം നഗരസഭാ ഭരണം സംഘ പരിവാരത്തിനേല്‍പ്പിച്ചു നല്‍കാന്‍, ഈ ‘ശ്രീമാന്‍” അടക്കമുള്ളവര്‍ നടത്തിയ അണിയറ നാടകങ്ങളുടെ അവസാന രംഗമാണിപ്പോള്‍ നടന്നത്.ഇപ്പോഴും കോണ്‍ഗ്രസ്സ് മതേതര പാര്‍ട്ടിയാണെന്ന് വിശ്വസിച്ചു ജീവിക്കുന്ന, ഏതാനും ശുദ്ധാത്മാക്കള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നു എന്നായിരുന്നു പ്രതികരണം.

അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചിരുന്നവരില്‍ പ്രതാപന്റെ പേരും ഉള്‍പ്പെട്ടിരുന്നതായി സൂചനയുണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അവസാനനിമിഷം ഉടലെടുത്ത പ്രശ്‌നങ്ങളാകാം പൊടുന്നനെ പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് പ്രാദേശിക കോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നു.

കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന പ്രതാപന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് കന്നിവിജയം നേടിയ ഇദ്ദേഹം അടുത്ത തവണ വൈസ് പ്രസിഡന്റായി. പിന്നീട് പന്തളം ഗ്രാമപ്പഞ്ചായത്തംഗവും പ്രസിഡന്റുമായി.

കെ.പി.സി.സി. സെക്രട്ടറി, നിര്‍വാഹകസമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെ.കരുണാകരന് ഏറെ പ്രിയങ്കരനായ യുവനേതാവായിരുന്ന പ്രതാപന്‍, കെ.മുരളീധരനൊപ്പം ഡി.ഐ.സി.യിലേക്ക് മാറിയശേഷം തിരികെ കോണ്‍ഗ്രസിലെത്തി സജീവമായി പ്രവര്‍ത്തനം നടത്തിവരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here