Home Top News ചിലരുടെ പാര്‍ട്ടി മാറ്റത്തിന് കൊട്ടാരത്തിന്റെ പിന്തുണയെന്നത് വ്യാജ പ്രചരണം; നിലപാട് വ്യക്തമാക്കി വീണ്ടും പന്തളം കൊട്ടാരം;...

ചിലരുടെ പാര്‍ട്ടി മാറ്റത്തിന് കൊട്ടാരത്തിന്റെ പിന്തുണയെന്നത് വ്യാജ പ്രചരണം; നിലപാട് വ്യക്തമാക്കി വീണ്ടും പന്തളം കൊട്ടാരം; പന്തളത്ത് സിപിഎമ്മിന് വീണ്ടും തിരിച്ചടിയോ

പത്തനംതിട്ട: ശബരിമലവിഷയത്തില്‍ നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാനിറങ്ങിയ സിപിഎമ്മിന് പന്തളം വീണ്ടും തിരിച്ചടിയാകുന്നു.ശബരിമല പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പന്തളത്തെ പ്രക്ഷോപകരെ സിപിഎമ്മില്‍ എത്തിച്ച് ഹൈന്ദവ മേഖലയില്‍ സ്വാധീനം ഉണ്ടാക്കാനുളള നീക്കത്തിനെതിരെ പന്തളം കൊട്ടാരം രംഗത്ത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭ ഭരണം ബിജെപി പിടിച്ചെടുത്തിരുന്നു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് പന്തളത്ത് ബിജെപിക്ക് ഭരണം കിട്ടാന്‍ ഇടയായത്. ഇതിനെ തുടര്‍ന്ന് ഹൈന്ദവമേഖലയില്‍ സിപി എമ്മിന് നഷ്ടമായ മേല്‍ക്കൈ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പന്തളത്തെ ഹൈന്ദവ കൂട്ടായ്മകളിലെ സ്ഥിരം സന്നിധ്യമായ കൃഷ്ണകുമാറിനെയും ഒരു പറ്റം ആളുകളെയും സിപിഎമ്മിലേക്ക എത്തിച്ചത്. പന്തളത്ത് നിന്നാരംഭിച്ച ശബരിമല പ്രക്ഷോഭത്തിന് നേത്വത്വം നല്‍കുകയും അത് ആസൂത്രണം ചെയ്ത് താനാണെന്നും പ്രചരിപ്പിച്ചാണ് കൃഷ്ണകുമാര്‍ സിപിഎമ്മിലെത്തിയത്.

സംസ്ഥാന തലത്തില്‍ തന്നെ സിപിഎം ഇതിന് വന്‍ പ്രചാരണമാണ് നല്‍കിയത്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനെ കൊണ്ടുവന്നാണ് കൃഷ്ണകുമാറിനെയും സംഘത്തെയും സിപിഎമ്മിലേക്ക് ആനയിച്ചത്. എന്നാല്‍ കൃഷ്ണകുമാറിന് ഈ സമരത്തില്‍ യാതൊരു നേതൃത്വപരമായ പങ്കില്ലെന്നും പ്രകടനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസകളില്‍ ഒരാള്‍ മാത്രമായിരുന്നു കൃഷ്ണകുമാറെന്നും പന്തളം കൊട്ടാരവും എന്‍.എസ്എസ് നേതൃത്വവും വ്യക്തമാക്കുന്നു.
2018 ഒക്ടോബര്‍ 2-ന്, പന്തളത്തു സംഘടിപ്പിച്ച ആദ്യത്തെ നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയത് പന്തളം കൊട്ടാരവും, ക്ഷേത്ര ആചാര സംരക്ഷണ സമിതിയും, അനവധി ക്ഷേത്ര ഉപദേശക സമിതികളും, വിവിധ ഹൈന്ദവ സംഘടനകളും, എന്‍. എസ്. എസ്. അടക്കമുള്ള സമുദായ സംഘടനകളും ചേര്‍ന്നാണ്. എന്നാല്‍ ഇതിന്റെ യെല്ലാം പിന്നിലെ ബുദ്ധി തന്റേതാണെന്ന പ്രചരണമാണ് കൃഷ്ണകുമാര്‍ നടത്തിയത്. കൃഷ്ണകുമാറിന്റെ സിപിഎം പ്രവശേനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പന്തളം കൊട്ടാരം വീണ്ടും സര്‍ക്കാരിനെതിരെ തിരിയുന്ന അവസ്ഥയാണ്. ഇത് പന്തളത്തും പരിസര പ്രദേശങ്ങളിലും സിപിഎമ്മില്‍ നിന്ന് ഹൈന്ദവ വോട്ടുകള്‍ കൂടൂതല്‍ അകലുന്നതിനും കാരണമാകും. കൃഷ്ണകുമാറിനെ സിപിഎമ്മില്‍ എത്തിച്ച് ശബരിമല സമരം തെറ്റാണെന്ന സന്ദേശം ഭക്തരില്‍ എത്തിക്കാമെന്ന ലക്ഷ്യമാണ് സിപിഎം നടത്തിയത്. എന്നാല്‍ കൃഷ്ണകുമാറിനെ പന്തളം കൊട്ടാരവും മറ്റു സംഘടനകളും എല്ലാം തളളിപറഞ്ഞതോടെ കൃഷ്ണകുമാറിനനൊപ്പം സിപിഎമ്മും പന്തളത്ത് എല്ലാവരുടെയും പൊതു ശത്രുവായി മാറി കഴിഞ്ഞു.

പന്തളം കൊട്ടാരത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ

പന്തളം കൊട്ടാരം എന്നും ഭക്തജനങ്ങള്‍ക്കൊപ്പം!

2018 ഒക്ടോബര്‍ 2-ന്, പന്തളത്തു സംഘടിപ്പിച്ച ആദ്യത്തെ നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയത് പന്തളം കൊട്ടാരവും, ക്ഷേത്ര ആചാര സംരക്ഷണ സമിതിയും, അനവധി ക്ഷേത്ര ഉപദേശക സമിതികളും, വിവിധ ഹൈന്ദവ സംഘടനകളും, എന്‍. എസ്. എസ്. അടക്കമുള്ള സമുദായ സംഘടനകളും ചേര്‍ന്നാണ്. പന്തളം കൊട്ടാരത്തിന് രാഷ്ട്രീയാതീതമായി എല്ലാ അയ്യപ്പഭക്തരുമായും ആത്മബന്ധമുണ്ട്; എന്നാല്‍ അത് അവരുടെ രാഷ്ട്രീയ നിലപാടിനുള്ള പിന്തുണയല്ല. ഒരു കൊടിയുടെയും പിന്നാലെ പോകരുത് എന്നതായിരുന്നു നാമജപ ഘോഷയാത്രയ്ക്ക് അനുഗ്രഹമരുളിയ പന്തളം വലിയ തമ്പുരാന്റെ ഉപദേശം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിലപാടിനൊപ്പമല്ല; മറിച്ച് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ വിശ്വാസത്തിനൊപ്പമാണ് പന്തളം കൊട്ടാരം എന്നും നിലനിന്നിട്ടുള്ളതും നിലകൊള്ളുന്നതും.

അയ്യപ്പവിശ്വാസത്തെയും ശബരിമല ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കുകയും, ശബരിമലയെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ ഭക്തര്‍ക്കൊപ്പം നിന്ന് ചെറുക്കുകയുമാണ് പന്തളം കൊട്ടാരത്തിന്റെ പ്രധാന കര്‍ത്തവ്യം. ഈ പ്രവര്‍ത്തനത്തിനിടയില്‍ ഒപ്പം ചേരുന്നവരും വിട്ടുപോകുന്നവരുമായ വ്യക്തികളുടെ കക്ഷിരാഷ്ട്രീയത്തിലും അവസരവാദത്തിലും സ്വാര്‍ത്ഥതാത്പര്യങ്ങളിലും കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ല. അത്തരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ക്ക് കൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെയും അദ്ധ്യക്ഷന്റെയും പിന്തുണയുണ്ട് എന്ന് വ്യാജമായി പ്രചരിപ്പിക്കുന്നതിനെ അപഹാസ്യം എന്നേ പറയാന്‍ കഴിയൂ.

ഒരു കാലത്ത് പന്തളം പ്രദേശത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയിട്ടുള്ള പന്തളം കൊട്ടാരം, ഇന്നും ആ ചരിത്രം നിഷേധിക്കുന്നില്ല. യുവതീ പ്രവേശന വിഷയത്തില്‍ ഇപ്പോഴത്തെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നിലപാടുകള്‍ മൂലം അയ്യപ്പഭക്തരുടെ മനസ്സിനേറ്റ മുറിവുകള്‍ ഇപ്പോഴും മായാതെ നില്‍ക്കുകയാണ്. നാമം ജപിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കും അമ്മമാര്‍ക്കുമെതിരെ ചുമത്തിയ പതിനായിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കുന്നതുവരെ അവരോടൊപ്പം പന്തളം കൊട്ടാരം ഉറച്ചുനില്‍ക്കും. ഭഗവാന്‍ അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ പന്തളം കുടുംബത്തിന് എല്ലാത്തരം രാഷ്ട്രീയ പ്രമാണങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും മുകളിലാണ് ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും.

വ്യക്തികള്‍ ആരായാലും മണ്ഡലകാലം മറക്കരുത്!

സ്വാമി ശരണം ??
പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here