നെടുങ്കണ്ടം അഞ്ചാം വാര്‍ഡ് മെംബര്‍ അജീഷ് മുതുകുന്നേലിന്റെ നേതൃത്വത്തില്‍ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം. അജീഷിന് പുറമെ എട്ടുപടവില്‍ ബിജു. അമ്മന്‍ചേരില്‍ ആന്റണി എന്നിവരാണ് പൊലീസ് പിടിയിലായത്. സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമാണ്. അജീഷിനെ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി സിപിഐ അറിയിച്ചു.
68 വയസ്സുള്ള തങ്കമണിയമ്മ എന്ന വീട്ടമ്മയാണ് അക്രമത്തിന് ഇരയായത്. ഇവരുടെ ഭര്‍ത്താവ് ശശിധരന്‍പിള്ളയുടെ കടയുടെ മുമ്പില്‍ രണ്ട് പേര് തമ്മില്‍ തര്‍ക്കം നടന്നു. ഇവരോട് കടയുടെ മുമ്പില്‍ നിന്ന് മാറാന്‍ ശശിധരന്‍പിള്ള ആവശ്യപ്പെട്ടു. എന്നാല്‍ ഇവരില്‍ ഒരാള്‍ ശശിധരനെ ഭീഷണിപ്പെടുത്തി. സംഭവം ശശിധരന് പിള്ള പൊലീസില്‍ അറിയിച്ചു. പൊലീസ് ഇടപെടുകയും പ്രശ്നം തീര്‍പ്പാക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ കടയില്‍ വന്നു പ്രശ്നമുണ്ടാക്കുകയായിരുന്നു. തങ്കമണിയമ്മ മാത്രമാണ് അപ്പോള്‍ കടയില്‍ ഉണ്ടായിരുന്നത്. ഇവരെ തലവഴി പെട്രോള്‍ ഒഴിക്കുകയും കമ്പിവടി കൊണ്ടു അടിക്കുകയും ചെയ്തു. കത്തിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. കടയ്ക്ക് സംഘം തീയിട്ടു.