Home International പാക് ദേശീയ അസംബ്ലി നിർത്തിവച്ചു; ഇമ്രാൻ ഹാജരായില്ല

പാക് ദേശീയ അസംബ്ലി നിർത്തിവച്ചു; ഇമ്രാൻ ഹാജരായില്ല

ഇസ്‌ലാമാബാദ്: പാക് ദേശിയ അസംബ്ലി നിർത്തിവെച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരെയുള്ള അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനായി ചേർന്ന ദേശീയ അസംബ്ലിയാണ് നിർത്തിവച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30ന് സഭ വീണ്ടും ചേരുമെന്നാണ് സ്പീക്കർ അസദ് ഖാസിയർ അറിയിച്ചത്\. അതേസമയം, വോട്ടെടുപ്പ് വൈകിയാൽ കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷം വാദിച്ചു. എന്നാൽ വിദേശ ഗൂഢാലോചന ചർച്ച ചെയ്യണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം. ഇമ്രാൻ ഖാൻ ഇതുവരെ സഭയിൽ ഹാജരായിട്ടില്ല. പകരം വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെയാണ് അയച്ചിരിക്കുന്നത്.

അവിശ്വാസ പ്രമേയം വോട്ടെടുപ്പില്ലാതെ തള്ളിയതും പാര്‍ലമെന്റ് പിരിച്ചുവിട്ടതും റദ്ദാക്കിയ സുപ്രീം കോടതി ഇന്നു രാവിലെ പത്തരയ്ക്കു മുന്‍പ് സഭ ചേരാന്‍ സ്പീക്കര്‍ അസദ് ഖാസിയറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിശ്വാസ പ്രമേയം വിജയിച്ചാല്‍, സഭയിലെ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പാക്ക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറും.

ഇമ്രാന്റെ തെഹ്‌രിക് ഇ ഇന്‍സാഫിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമായ സാഹചര്യമാണുള്ളത്. മുഖ്യ ഘടകകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ്പാക്കിസ്ഥാന്റെ (എംക്യുഎംപി) 2 മന്ത്രിമാര്‍ രാജിവയ്ക്കുകയും ഏഴ് അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഇമ്രാന്റെ നില പരുങ്ങലിലായത്. ഇമ്രാന്റെ പാര്‍ട്ടിയിലെ 24 വിമതരും പ്രതിപക്ഷത്തിനൊപ്പം കൈകോര്‍ത്തിരുന്നു.

കഴിഞ്ഞ ദിവസം അവിശ്വാസം അനുവദിക്കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്ന്് പാക്ക് സുപ്രീംകോടതി വിധിച്ചിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കി. പാര്‍ലമെന്റ് പുനഃസ്ഥാപിച്ച കോടതി, ശനിയാഴ്ച രാവിലെ സഭ വിളിച്ചുചേര്‍ക്കാനും അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ടുപോകാനും സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു. അവിശ്വാസപ്രമേയം നേരിടാതെ ഇടക്കാല തിരഞ്ഞെടുപ്പിലേക്കു നീങ്ങാനുള്ള ഇമ്രാന്റെ നീക്കങ്ങള്‍ക്കാണ് കോടതിവിധി തിരിച്ചടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here